pic

ലോസ്ആഞ്ചലസ് : ഹോളിവുഡിനെ വിറപ്പിച്ച ' ബ്രാഡ് പിറ്റ് " ഒടുവിൽ അധികൃതരുടെ പിടിയിലായി. പേര് കേട്ട് നടൻ ബ്രാഡ് പിറ്റാണെന്ന് തെറ്റിദ്ധരിക്കേണ്ട. പി - 22 എന്ന മൗണ്ടൻ ലയണാണ് അധികൃതരുടെ വലയിലായ ബ്രാഡ് പിറ്റ്. നടൻ ബ്രാഡ് പിറ്റിനെ പോലെ സ്റ്റൈലൻ ലുക്കും അലസമായ സ്വഭാവവും കണക്കിലെടുത്താണ് പി - 22 വിന് ബ്രാഡ് പിറ്റെന്ന ഓമന പേര് ലഭിച്ചത്. നാലാഴ്ച മുമ്പ് പി - 22 ഹോളിവുഡ് ഹിൽസിൽ ഒരു വളർത്തുനായയെ കൊന്നിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പൈപ്പർ എന്ന ചിഹ്വാഹ്വ ഇനത്തിലെ നായയെ ആണ് പി - 22 ആക്രമിച്ചത്. പൈപ്പറിന്റെ ഉടമയും ഇന്നേരം ഒപ്പമുണ്ടായിരുന്നു. പി - 22വിന് ഏകദേശം 12 വയസ് പ്രായമുണ്ടെന്ന് കരുതുന്നു. വനത്തിൽ ജീവിക്കുന്ന മൗണ്ടൻ ലയണുകളുടെ ശരാശരി ആയുസ് പത്ത് വർഷമാണ്. ഹോളിവുഡ് ഹിൽസിലെ ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിനടക്കുന്നത് പി - 22വിന്റെ പതിവായിരുന്നു. പലപ്പോഴായി സിസിടിവികളിൽ പി - 22 പതിഞ്ഞിരുന്നു. എന്നാൽ സ്വഭാവം അക്രമാസക്തമായതോടെയാണ് പി - 22വിനെ കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഒഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് അധികൃതർ പിടികൂടിയത്. തിങ്കളാഴ്ച ഒരു വീടിന്റെ പിറകിലുണ്ടായിരുന്ന പി - 22വിനെ മയക്കുമരുന്ന് കുത്തിവച്ചാണ് പിടികൂടിയത്. പി - 22ന്റെ ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലുള്ള പി - 22വിനെ ഇനി എവിടേക്ക് മാറ്റുമെന്നതിൽ തീരുമാനമായിട്ടില്ല.