
ന്യൂഡൽഹി: കർണാടകയും മഹാരാഷ്‌ട്രയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബെലഗാവിയിലെ സംസ്ഥാന അതിർത്തി പ്രശ്‌നം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ ചർച്ച നടത്തി. ഇരു സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയ ഷാ സുപ്രീംകോടതി തീരുമാനമുണ്ടാകും വരെ അവകാശവാദം ഉന്നയിക്കില്ലെന്ന് ഇരുസംസ്ഥാനങ്ങളും സമ്മതിച്ചതായി അറിയിച്ചു.
1957ൽ ഇരു സംസ്ഥാനങ്ങളും ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ടതുമുതലുളള പ്രശ്‌നത്തിലാണ് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എന്നിവർ അമതിഷായുമായി സംസാരിച്ചത്.
'ഈ പ്രശ്‌നം സംസാരിച്ചാണ് പരിഹരിക്കേണ്ടത്. അതിനായി ഇരു സംസ്ഥാനങ്ങളിലെയും മൂന്ന് മന്ത്രിമാരടങ്ങുന്ന കമ്മിറ്റിയ്‌ക്ക് രൂപം കൊടുത്തു.' ഷാ പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഹസ്ഥന്റെ നേതൃത്വത്തിൽ പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്തും. പ്രതിപക്ഷ പാർട്ടികളോട് വിഷയം രാഷ്‌ട്രീയവൽക്കരിക്കരുതെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
ബെലഗാവിയടക്കം മറാത്ത ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കർണാടകയിൽ ഉൾപ്പെട്ടതിൽ മഹാരാഷ്‌ട്രയ്‌ക്ക് എതിർപ്പുണ്ട്. 814 മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങൾ കർണാടകത്തിലാണെന്നും മഹാരാഷ്‌ട്ര വാദിക്കുന്നു. എന്നാൽ ഇത്തരത്തിൽ ഉൾപ്പെടുത്തിയത് അന്തിമമാണെന്നും ഇനി മാറില്ലെന്നുമാണ് കർണാടകയുടെ വാദം.
ബെലഗാവി വിഷയം അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ വലിയ പ്രശ്‌നമാകാതിരിക്കാനാണ് കേന്ദ്രം ശക്തമായി ഇടപെട്ടത്. അതേസമയം കർണാടക തങ്ങളുടെ പ്രദേശമെന്ന് ഉറപ്പിക്കുന്നതിന് രണ്ടാമതൊരു അസംബ്ളി മന്ദിരം തന്നെ ബെലഗാവിയിൽ നിർമ്മിച്ചു. ബംഗളൂരുവിലെ നിയമസഭാ മന്ദിരമായ സുവർണ വിധാന സൗധയുടെ മാതൃകയിൽ തന്നെയാണിത്. ഇവിടെവച്ച് വർഷത്തിലൊരിക്കൽ നിയമസഭയും ചേർന്നിരുന്നു.