
മോസ്കോ : റഷ്യയിൽ ക്രെംലിൻ ഉദ്യോഗസ്ഥർക്കിടെയിൽ പകർച്ചപ്പനി വ്യാപിക്കുന്നതായും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഉടൻ ഒരു ബങ്കറിൽ ഐസൊലേഷനിലേക്ക് മാറ്റുമെന്നും റിപ്പോർട്ട്. പുതുവർഷത്തിന് മുമ്പ് പുട്ടിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റാൻ തയാറെടുക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പ്രസിഡൻഷ്യൽ ടീമിൽ പനി പകരുന്നതായുള്ള വാർത്ത. ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ മാസം നടത്താനിരുന്ന വാർഷിക പത്ര സമ്മേളനം അടുത്തിടെ പുട്ടിൻ റദ്ദാക്കിയത് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ചും അഭ്യൂഹങ്ങൾക്കിടയാക്കി. പത്ത് വർഷത്തിനിടെ ആദ്യമായാണ് പുട്ടിൻ ഈ വാർത്താ സമ്മേളനം റദ്ദാക്കുന്നത്. ഈ മാസം അവസാനിക്കുന്നതിന് മുന്നേ പുട്ടിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും. നിലവിൽ ഇതിന് മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പകർച്ചപ്പനി വ്യാപിക്കുന്നെന്ന പേരിൽ അതും റദ്ദാക്കുമോ എന്ന് വ്യക്തമല്ല.
യുറാൽ പർവതനിരകളുടെ കിഴക്കുള്ള ബങ്കറിലായിരിക്കും പുട്ടിന്റെ ഇത്തവണത്തെ ന്യൂ ഇയർ വെക്കേഷൻ എന്നാണ് ഒരു സ്വതന്ത്ര റഷ്യൻ മാദ്ധ്യമം പറയുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളെയും ഇവിടേക്ക് മാറ്റുമെന്ന് കേൾക്കുന്നു. അതേ സമയം, ക്രെംലിൻ വക്താക്കൾ വാർത്തയോട് പ്രതികരിച്ചിട്ടില്ല.