pic

സിംഗപ്പൂർ സിറ്റി : 10 ലക്ഷം ഡോളർ വിലമതിക്കുന്ന സ്ട്രോബെറി മിൽക്കും കോഫിയും ഉത്തര കൊറിയയിലേക്ക് കയറ്റുമതി ചെയ്തതിന് സിംഗപ്പൂരിൽ വ്യാപാരിക്ക് ജയിൽ ശിക്ഷ. ഉത്തര കൊറിയയ്ക്ക് മേൽ രാജ്യം ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പശ്ചാത്തലത്തിലാണ് തീരുമാനം.

പോക്ക ഇന്റർനാഷണൽ എന്ന ബിവറേജ് കമ്പനിയുടെ മുൻ മാനേജരായ ഫുവാ സെ ഹീ എന്ന 59കാരനെ അഞ്ചാഴ്ചത്തേക്ക് ജയിലിലടയ്ക്കാൻ തിങ്കളാഴ്ചയാണ് കോടതി വിധിച്ചത്. 2017 - 2018 കാലയളവിൽ സ്ട്രോബെറി മിൽക്ക്, കോഫി തുടങ്ങിയ പാനിയങ്ങൾ ഉത്തര കൊറിയയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന ചില സിംഗപ്പൂർ കമ്പനികൾക്ക് ഇയാൾ വിറ്റിരുന്നു. ഇവ ഈ കമ്പനികളിലൂടെ ഉത്തര കൊറിയയിലേക്കെത്തുമെന്നും ഇയാൾക്ക് വ്യക്തമായി അറിയാമായിരുന്നു എന്ന് കോടതി കണ്ടെത്തി.

അതേ സമയം, വില്പനയിലൂടെ ഇയാൾ യാതൊരു വിധ കമ്മിഷനും കൈപ്പറ്റിയില്ല. പ്രതിമാസ സെയിൽസ് ടാർഗറ്റ് തികയ്ക്കുക മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യം. 2014ൽ സിംഗപ്പൂരിലെ ഉത്തര കൊറിയൻ അംബാസഡറെയും മറ്റൊരു എംബസി ഉദ്യോഗസ്ഥനെയും ഇയാൾ കണ്ടിരുന്നു.

അതേ സമയം, പോക്ക ഇന്റർനാഷണൽ കമ്പനി സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്താൽ പരമാവധി 74,000 ഡോളറോ അല്ലെങ്കിൽ കയറ്റുമതി ചെയ്ത വസ്തുക്കളുടെ മൂല്യത്തിന്റെ മൂന്നിരട്ടിയോ പിഴ ലഭിക്കും. അല്ലെങ്കിൽ രണ്ട് വർഷം വരെ തടവ് ലഭിക്കും. പിഴയും തടവും ഒരുമിച്ചും ലഭിക്കാം.

ഇതാദ്യമായല്ല വിലക്കുകൾ മറികടന്ന് സിംഗപ്പൂർ വ്യാപാരികൾ ഉത്തര കൊറിയയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഈ വർഷം ആദ്യം വിസ്കി, വൈൻ തുടങ്ങിയ കയറ്റുമതി ചെയ്തതിന് രണ്ട് കമ്പനികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.

2019ൽ ആൽക്കഹോൾ, പെർഫ്യൂം തുടങ്ങി 44 ലക്ഷം ഡോളറിന്റെ ആഡംബര വസ്തുക്കൾ കയറ്റുമതി ചെയ്തതിന് ഒരു കമ്പനിയുടെ ഡയറക്ടർക്ക് സിംഗപ്പൂർ കോടതി മൂന്ന് വർഷത്തോളം ജയിൽ ശിക്ഷ വിധിച്ചിരുന്നു. 2016ൽ ക്യൂബയിൽ നിന്ന് ഉത്തര കൊറിയയിലേക്ക് സോവിയറ്റ് കാലഘട്ട ആയുധങ്ങളും യുദ്ധവിമാനങ്ങളും കടത്താൻ ശ്രമിച്ചെന്ന കേസിൽ ഒരു ഷിപ്പിംഗ് കമ്പനിക്ക് സിംഗപ്പൂർ പിഴ ഈടാക്കിയിരുന്നു.

2017ലാണ് സിംഗപ്പൂർ ഉത്തര കൊറിയയുമായുള്ള വ്യാപാര ബന്ധം നിറുത്തിയത്. ലോകരാജ്യങ്ങളുടെ ആശങ്കകൾ അവഗണിച്ചും അയൽ രാജ്യങ്ങളിൽ ഭീതി സൃഷ്ടിച്ചും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുകയും ആണവായുധ ഭീഷണി നടത്തുകയും ചെയ്യുന്ന ഉത്തര കൊറിയയ്ക്ക് മേൽ യു.എൻ ഉൾപ്പെടെയുള്ള സംഘടനകളും യു.എസ്, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.