morocco

ബ്രസൽസ് : ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ മൊറോക്കോ ഫ്രാൻസിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ബ്രസൽസിൽ മൊറോക്കൻ ആരാധകരും പൊലീസുമായി ഏറ്റുമുട്ടി. മൊറോക്കൻ പതാകയുമായി എത്തിയ നൂറോളം ആരാധകർ, ബ്രസൽസ് സൗത്ത് സ്റ്റേഷന് സമീപം പൊലീസിന് നേരെ പടക്കങ്ങൾ എറിയുകയും മാലിന്യ സഞ്ചികളും കാർഡ്ബോർഡ് പെട്ടികളും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. അക്രമം അതിരുവിടുമെന്ന് വ്യക്തമായതോടെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. അക്രമത്തിന് നേതൃത്വം നൽകിയവർ ഉൾപ്പടെയുള്ള നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിൽ പൊലീസുകാർക്കുൾപ്പടെ ആർക്കെങ്കിലും പരിക്കേറ്റോ എന്ന് വ്യക്തമല്ല.

മാന്ത്രികക്കുതിരയെപ്പോലെ പാഞ്ഞ മൊറോക്കോയ്ക്ക് സെമിഫൈനലിൽ കടിഞ്ഞാണിട്ട് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ ബർത്ത് ബുക്ക് ചെയ്യുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ കളി തുടങ്ങി അഞ്ചാം മിനിട്ടിൽതന്നെ തിയോ ഹെർണാണ്ടസ് നേടിയ ഗോളിന് മുന്നിട്ടുനിന്ന ഫ്രാൻസ് 79-ാം മിനിട്ടിൽ കോളോ മുവാനി നേടിയ ഗോളുംകൂടിച്ചേർത്ത് വിജയിക്കുകയായിരുന്നു. ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശക്കളിയിൽ ലയണൽ മെസിയുടെ അർജന്റീനയാണ് ഫ്രാൻസിന്റെ എതിരാളികൾ.