
ഇന്ത്യൻ വാഹന വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. വ്യവസായി ആയ നസീർ ഖാൻ ആണ് 12 കോടി വിലവരുന്ന മക്ലാറൻ 765 എൽടി സ്പൈഡർ സ്വന്തമാക്കിയത്. ഹൈദരാബാദിലെ താജ് ഫലക്നുമ പാലസിന് മുന്നിൽ വച്ചാണ് നസീർ ഖാൻ കാർ ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രവും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. മക്ലാറൻ 765 എൽടി സ്പൈഡറിന്റെ ഇന്ത്യയിലെ ആദ്യ ഉപഭോക്താവ് നസീർ ഖാനാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
'Welcome Home MCLAREN 765LT SPIDER' എന്ന തലക്കെട്ടോടെയാണ് ഖാൻ കാറിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള കാറിന് സമീപം തവിട്ട് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഖാൻ നിൽക്കുന്നത്. കാറിനോട് ഏറെ പ്രിയമുള്ള ഖാൻ തന്റെ ഇൻസ്റ്റഗ്രാമിൽ വ്യത്യസ്ത ആഡംബര കാറുകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്. റോൾസ് റോയ്സ്, ഫെരാരി 812 സൂപ്പർ ഫാസ്റ്റ്, മെഴ്സിഡസ് ബെൻസ് ജി350 ഡി, ഫോർഡ് മസ്താംഗ്, ലംബോർഗിനി അവന്റഡോർ തുടങ്ങി നിരവധി ആഡംബര കാറുകൾ ഖാന് സ്വന്തമായുണ്ട്.
മക്ലാറൻ ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയ കൺവെർട്ടിബിളുകളിൽ ഒന്നാണ് ഈ കാർ. കൂപ്പെ പതിപ്പിനെ പോലെയുള്ള എയറോഡൈനാമിക് ഡിസൈനാണ് സൂപ്പർ കാറിനുള്ളത്. ഈ കാറിന്റെ റൂഫ് വെറും പതിനൊന്ന് സെക്കന്റിനുള്ളിൽ തുറക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്. 4.0 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 പെട്രോൾ എഞ്ചിനാണ് കാറിനുള്ളത്.