
ആരോഗ്യപരമായ, സമീകൃതമായ ആഹാരമായി കണക്കാക്കാവുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്. പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഏറെ ഫലപ്രദമാണ് ഓട്സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ. എന്നാൽ ഏതെങ്കിലും ഒരു ഓട്സ് വെറുതേയങ്ങ് വാങ്ങി ഉപയോഗിക്കുന്നത് ബുദ്ധിയല്ല. ഓട്സ് തന്നെ വ്യത്യസ്ത തരത്തിലുണ്ടെന്ന് നമ്മളിൽ എത്രപ്പേർക്കറിയാം? ഓരോന്നിന്റെയും വ്യത്യസ്തതയും ഗുണങ്ങളും മനസിലാക്കി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.
ഓട്സ് നാലുതരം
പ്രധാനമായും നാലുതരത്തിലെ ഓട്സ് ആണുള്ളത്. ഇൻസ്റ്റന്റ് ഓട്സ്, ഓൾഡ് ഫാഷൻഡ് റോൾഡ് ഓട്സ്, സ്റ്റീൽ കട്ട് ഓട്സ്, വോൾ ഗ്രേയ്ൻ ഓട് ഗ്രോട്സ് എന്നിങ്ങനെയാണ് വ്യത്യസ്ത ഓട്സ് രുചികൾ. ഇവയിൽ ഏറ്റവും കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതായി അറിയപ്പെടുന്നത് സ്റ്റീൽ കട്ട് ഓട്സും റോൾഡ് ഓട്സുമാണ്. എന്നാൽ പ്രഭാതത്തിലെ തിരക്കുപിടിച്ച ഓട്ടത്തിനിടയിലെ ബെസ്റ്റ് ഓട്സ് ഇൻസ്റ്റന്റ് ഓട്സ് തന്നെയാണ്. മാത്രമല്ല ഇത് മറ്റുള്ളവയേക്കാൾ കൂടുതൽ സംസ്കരിച്ചതുമാണ്. അതേസമയം, ഏറ്റവും കുറവ് സംസ്കരിച്ചവയായ സ്റ്റീൽ കട് ഓട്സും ഓട് ഗ്രോട്സും കൂടുതൽ സുഗന്ധവും ടെക്സ്ച്ചറും ഉള്ളവയാണെങ്കിലും പാകമായിവരാൻ ഏറെ സമയമെടുക്കും.
കൂടുതൽ ആരോഗ്യപ്രദം ഏത്?
എല്ലാ തരത്തിലെ ഓട്സും ആരോഗ്യത്തിന് ഏറെ ഗുണമുള്ളവയാണ്. ഇവയിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവയേക്കാൾ പ്രോട്ടീൻ, ഫൈബർ എന്നിവ ഇൻസ്റ്റന്റ് ഓട്സിൽ കുറച്ച് മാത്രമാണ് അടങ്ങിയിട്ടുള്ളത്. പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്നതിനേക്കാൾ കുറച്ച് കൂടുതൽ അളവ് ഇൻസ്റ്റന്റ് ഓട്സ് ഉപയോഗിച്ചാൽ മതിയാവും. ഇൻസ്റ്റന്റ് ഓട്സ് കൂടുതൽ ക്രീമിയും മൃദുലവുമാണ്. മധുരമുള്ള, നട്സിന്റെ രുചിയുള്ള, ചവയ്ക്കാൻ പാകത്തിനുള്ള ഓട്സ് ആണ് നിങ്ങൾക്കിഷ്ടമെങ്കിൽ സ്റ്റീൽ കട് ഓട്സ് ആയിരിക്കും ബെസ്റ്റ് ചോയ്സ്. ഏത് ഓട്സ് തിരഞ്ഞെടുക്കുന്നതിന് മുൻപും അതിലെ പോഷകങ്ങൾ മനസിലാക്കുക. പഞ്ചസാര, മറ്റ് കൊഴുപ്പ് കൂടുതലുള്ള പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കി തേൻ, ബറി, ബദാം, യോഗർട്ട് തുടങ്ങിയവ ടോപ്പിംഗായി ഉപയോഗിക്കാം.
പോഷകങ്ങൾ
കാലറി
ഏറ്റവും കൂടുതൽ- റോൾഡ് ഓട്സ്
ഏറ്റവും കുറവ്- ഇൻസ്റ്റന്റ് ഓട്സ്
കൊഴുപ്പ്
ഏറ്റവും കൂടുതൽ- റോൾഡ് ഓട്സ്
ഏറ്റവും കുറവ്- ഇൻസ്റ്റന്റ് ഓട്സ്
പ്രോട്ടീൻ
ഏറ്റവും കൂടുതൽ- ഓൾഡ് ഫാഷൻഡ് റോൾഡ് ഓട്സ്, സ്റ്റീൽ കട്ട് ഓട്സ്, വോൾ ഗ്രേയ്ൻ ഓട് ഗ്രോട്സ്
ഏറ്റവും കുറവ്- ഇൻസ്റ്റന്റ് ഓട്സ്
കാർബോഹൈഡ്രേറ്റ്
ഏറ്റവും കൂടുതൽ- റോൾഡ് ഓട്സ്
ഏറ്റവും കുറവ്- ഇൻസ്റ്റന്റ് ഓട്സ്
ഫൈബർ
ഏറ്റവും കൂടുതൽ- ഓൾഡ് ഫാഷൻഡ് റോൾഡ് ഓട്സ്, സ്റ്റീൽ കട്ട് ഓട്സ്, വോൾ ഗ്രേയ്ൻ ഓട് ഗ്രോട്സ്
ഏറ്റവും കുറവ്- ഇൻസ്റ്റന്റ് ഓട്സ്
സോഡിയം, കാൽഷ്യം എന്നിവ നാലിലും ഒരുപോലെ അടങ്ങിയിട്ടുണ്ട്
ഷുഗർ
ഏറ്റവും കൂടുതൽ- റോൾഡ് ഓട്സ്, വോൾ ഗ്രേയ്ൻ ഓട് ഗ്രോട്സ്
ഏറ്റവും കുറവ്- ഇൻസ്റ്റന്റ് ഓട്സ്, സ്റ്റീൽ കട്ട് ഓട്സ്