modi-putin-

പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ റഷ്യൻ എണ്ണ ഇറക്കുമതി നിരോധനത്തെത്തുടർന്ന് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് വൻ വിലക്കിഴിവിലാണ് റഷ്യൻ കമ്പനികൾ ക്രൂഡ് ഓയിൽ വിൽക്കുന്നത്. ഡിസംബർ മാസം ഇന്ത്യയ്ക്ക് വൻ വിലക്കുറവിലാണ് റഷ്യൻ എണ്ണ ലഭിച്ചതെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബാരലിന് 60 ഡോളർ വിലയിലും താഴെയാണ് ഇന്ത്യയ്ക്ക് എണ്ണ ലഭിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാറ്റോ ചേരിയിലെ യൂറോപ്യൻ രാജ്യങ്ങൾ വിലക്കുമായി മുൻപിൽ നിൽക്കുന്നതോടെ വിപണി കണ്ടെത്താൻ വിഷമിക്കുന്ന റഷ്യൻ എണ്ണ ഉദ്പാദകർ ഇന്ത്യയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നത്.

യൂറോപ്യൻ യൂണിയന് പിന്നാലെ അടുത്തിടെ ജി 7 രാജ്യങ്ങളാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന് നിയന്ത്രണം മുന്നോട്ട് വച്ചത്. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. ജി 7 വില പരിധി നിശ്ചയിച്ചതോടെ ഏഷ്യൻ വിപണിയെ ആകർഷിക്കാൻ വില കുറയ്ക്കാൻ റഷ്യ ലക്ഷ്യമിടുകയായിരുന്നു. ഈ മേഖലയിൽ മാത്രം പ്രതിദിനം ഒരു ദശലക്ഷം ബാരൽ എണ്ണ വിതരണം ചെയ്യാനാണ് റഷ്യൻ ശ്രമം. ജി 7 രാജ്യങ്ങൾ ബാരലിന് 60 ഡോളറായാണ് വില നിശ്ചയിച്ചത്. എന്നാൽ ഈ പ്രവർത്തിയെ രൂക്ഷമായ ഭാഷയിലാണ് റഷ്യ വിമർശിച്ചത്. ജി 7 തീരുമാനത്തിനൊപ്പം നിൽക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഈ നിലപാടിനെ സ്വാഗതം ചെയ്ത റഷ്യ ഇന്ത്യയുമായുള്ള വ്യാപാരം ഭാവിയിലും തങ്ങൾക്ക് സഹായകമാവുമെന്ന് കരുതുന്നു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്താവാണ് ഇന്ത്യ.

#Russia was the top supplier of oil to India in November for the second consecutive month as the country bought 909,400 barrels per day from Russia.

Here's how much oil India bought from Russia since March 2022 👇#RussianOil #Oil #RussiaUkraineCrisis pic.twitter.com/K17EqVH3Ei

— Markets Today (@marketsday) December 9, 2022

പ്രിയം റഷ്യയ്ക്ക്

തുടർച്ചയായ രണ്ടാം മാസത്തിലും ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്തത് റഷ്യയിൽ നിന്നുള്ള കമ്പനികൾ. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടിലാണ് ഇത് വ്യക്തമായത്. ദീർഘനാളായി ഇന്ത്യ എണ്ണയ്ക്കായി ആശ്രയിക്കുന്ന ഇറാഖിനെയും സൗദി അറേബ്യയെയും മറികടന്നാണ് രണ്ടാം മാസവും റഷ്യ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറിയത്.

റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ കമ്പനികൾക്ക് അമേരിക്കയുടേയും സഖ്യ കക്ഷികളുടേയും ഉപരോധം നേരിടേണ്ടി വന്നതിനെ തുടർന്നാണ് ഇന്ത്യയ്ക്ക് റഷ്യ വിലകുറച്ച് എണ്ണ നൽകിത്തുടങ്ങിയത്. അതേസമയം ആഗോള തലത്തിൽ എണ്ണ വില വർദ്ധിച്ച സമയത്ത് റഷ്യയിൽ നിന്നും ലഭിച്ച മികച്ച ഓഫർ ഇന്ത്യ മുതലെടുക്കുകയായിരുന്നു. 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് കേവലം 0.2 ശതമാനം മാത്രമായിരുന്നെങ്കിൽ നവംബറിൽ ഇന്ത്യയ്ക്ക് 9,09,403 ബാരൽ ക്രൂഡ് ഓയിൽ വിതരണം ഈ രാജ്യത്ത് നിന്നുമുണ്ടായി. ഇപ്പോൾ ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ അഞ്ചിലൊന്നും റഷ്യയിൽ നിന്നുമാണ് വാങ്ങുന്നത്.

വോർടെക്സയുടെ കണക്കനുസരിച്ച് നവംബറിൽ ഇന്ത്യ ഇറാഖിൽ നിന്ന് പ്രതിദിനം 8,61,461 ബാരൽ എണ്ണയും സൗദി അറേബ്യയിൽ നിന്ന് പ്രതിദിനം 5,70,922 എണ്ണയും ഇറക്കുമതി ചെയ്തു. 4,05,525 ബാരലുമായി അമേരിക്ക ഇന്ത്യയുടെ നാലാമത്തെ വിതരണക്കാരായി ഇക്കാലയളവിൽ മാറി. അതേസമയം നവംബറിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒക്ടോബറിൽ വാങ്ങിയ അളവിനേക്കാൾ കുറവാണ്.

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ റഷ്യയുമായുള്ള വ്യാപാരത്തെ ഇന്ത്യൻ ഗവൺമെന്റ് ശക്തമായി പ്രതിരോധിക്കുകയായിരുന്നു. എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് സർക്കാർ സൂചിപ്പിച്ചു. മികച്ച ഇടപാടുകൾ തുടരുമെന്ന സന്ദേശമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഡിസംബർ ഏഴിന് രാജ്യസഭയിൽ നൽകിയത്.

'ഞങ്ങൾ ഒരു രാജ്യത്ത് നിന്ന് മാത്രമല്ല എണ്ണ വാങ്ങുക, ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് എണ്ണ വാങ്ങുകയാണെന്ന് ദയവായി മനസിലാക്കുക, എന്നാൽ ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങൾക്കായി ഞങ്ങൾക്ക് ഏറ്റവും മികച്ച ഡീൽ ലഭിക്കുന്നിടത്തേക്ക് പോകുന്നത് വിവേകപൂർണ്ണമായ നയമാണ്, അതാണ് ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്,' എസ് ജയശങ്കർ പറഞ്ഞു.