
ചെന്നെ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ട്രക്കിലെ കയർ ബൈക്ക് യാത്രികന്റെ കഴുത്തിൽ കുരുങ്ങി അപകടം. തൂത്തുക്കുടി ജില്ലയിലെ മുത്തു എന്നയാളാണ് അപകടത്തിൽപ്പെട്ടത്. യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു യുവാവ്. ഏറൽ മേഖലയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് യുവാവ് റോഡിലേക്ക് വീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. യുവാവ് വീഴുന്നത് കണ്ട് ആളുകൾ ഓടിക്കൂടി. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾക്കൊന്നും മനസിലായില്ല.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകട കാരണം കണ്ടെത്തിയത്. മുത്തു സഞ്ചരിച്ചിരുന്നതിന് എതിർവശത്ത് നിന്ന് വളം കയറ്റി ഒരു ട്രക്ക് വന്നിരുന്നു. ലോഡിന് മുകളിൽ കെട്ടിയിരുന്ന ഒരു കയർ മുത്തുവിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്.