chinese-equipment-

തവാങ് : ഇന്ത്യ - ചൈന അതിർത്തി പ്രദേശമായ തവാങിൽ കടന്ന് കയറ്റ ശ്രമം നടത്തിയ ചൈനീസ് ഭടൻമാരെ കൈക്കരുത്തിൽ നേരിട്ട ഇന്ത്യൻ സൈനികർ ശ്രമം പരാജയപ്പെടുത്തിയിരുന്നു. തവാങിലെ യാങ്‌സ്റ്റെ മേഖലയിലായിരുന്നു മുന്നോറോളം വരുന്ന ചൈനീസ് ഭടൻമാർ ഡിസംബർ 9ന് കൈയേറ്റ ശ്രമം നടത്തിയത്. ശ്രമം പരാജയപ്പെട്ടതോടെ ചൈനക്കാർ പിൻവാങ്ങുകയായിരുന്നു. ഏറ്റുമുട്ടിയതിനെത്തുടർന്ന് പ്രദേശത്ത് നിന്നും മടങ്ങിയ ചൈനീസ് ഭടൻമാർ ഉപേക്ഷിച്ച സ്ലീപ്പിംഗ് ബാഗുകളും മറ്റ് ഉപകരണങ്ങളും ഇന്ത്യൻ സൈന്യം കണ്ടെടുത്തു. ചൈനീസ് സൈന്യത്തിലെ ഭടൻമാർക്കായി കൊണ്ടുവന്ന സ്ലീപ്പിംഗ് ബാഗുകൾ കടുത്ത തണുത്ത താപനിലയിലും തുറന്ന പ്രദേശങ്ങളിൽ സുരക്ഷിതമായി കഴിയാനാവുന്നവയാണ്.

17,000 അടി ഉയരമുള്ള കൊടുമുടിയുടെ മുകളിലേക്ക് പ്രവേശനം ഇന്ത്യൻ പോസ്റ്റിനെ കൈക്കലാക്കുവാനുമായിരുന്നു ചൈനയുടെ ശ്രമമെന്നാണ് ഈ മുന്നൊരുക്കങ്ങൾ നൽകുന്ന സൂചന. ഗാൽവനിൽ എന്നപോലെ തവാങിലും നിയന്ത്രണരേഖയിൽ കടന്നുകയറി നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കാനുള്ള ശ്രമമാണ് ചൈനീസ് പട്ടാളത്തെ അടിച്ചോടിച്ചതിലൂടെ നമ്മുടെ ധീര യോദ്ധാക്കൾ തകർത്തത്. മുതിർന്ന സൈനിക ഓഫീസറെ ഉദ്ധരിച്ച് ന്യൂസ് ഏജൻസിയായ ഐ.എ.എൻ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തവാങിൽ അതിശൈത്യമാണ്. കനത്ത മഞ്ഞുവീഴ്ചയും തുടങ്ങി. ശൈത്യകാലം തുടങ്ങും മുമ്പ് ഇന്ത്യൻ പോസ്റ്റുകളിൽ ആയുധങ്ങളും ഭക്ഷണ വസ്തുക്കളും കൂടുതലായി ശേഖരിക്കാറുണ്ട്. ഇവിടെ രഹസ്യമായി പോസ്റ്റ് സ്ഥാപിച്ച് ഇന്ത്യൻ സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.

ഗാൽവനിൽ ചൈനീസ് കടന്നു കയറ്റം പട്രോളിംഗിനിടെ അപ്രതീക്ഷിതമായാണ് സൈനികർ കണ്ടതും ഏറ്റുമുട്ടിയതും. മുന്നൂറോളം ചൈനീസ് സൈനികരുണ്ടായിട്ടും ഇന്ത്യ ശക്തമായി നേരിട്ടതോടെ തിരിഞ്ഞോടി.