sindhu

തിരുവനന്തപുരം: പേരൂർക്കടയിൽ മദ്ധ്യവയസ്‌കൻ സ്ത്രീ സുഹൃത്തിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. വഴയില സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കാളി നന്ദിയോട് സ്വദേശി രാജേഷ് (46) പിടിയിലായിരുന്നു.

പന്ത്രണ്ട് വർഷമായി ഒരുമിച്ച് കഴിയുകയായിരുന്ന ഇരുവരും ഒരു മാസമായി അകൽച്ചയിലായിരുന്നു. സമീപകാലത്തായി സാമ്പത്തികമായി ചില തർക്കങ്ങളും ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നു. സിന്ധു തന്നിൽ നിന്നുമകലുന്നെന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സിന്ധു ജോലിയ്ക്ക് പോകുന്നത് സംബന്ധിച്ചും തർക്കമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. രാജേഷ് പലതവണ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ പാലോട് നിൽക്കുകയായിരുന്ന രാജേഷ് സിന്ധു ബസിൽ യാത്രചെയ്യുന്നത് കണ്ടിരുന്നു. തുടർന്ന് ഇയാൾ നെടുമങ്ങാട് എത്തി സിന്ധു യാത്ര ചെയ്യുകയായിരുന്ന അതേ ബസിൽ കയറി. തുടർന്ന് സിന്ധു വഴയില ഇറങ്ങിയപ്പോൾ രാജേഷ് സിന്ധുവിന്റെ പിന്നാലെ പോവുകയും തിരക്ക് കുറഞ്ഞ സ്ഥലത്തെത്തിയപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

സിന്ധുവിന് കഴുത്തിലും തലയ്ക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റതിന് പിന്നാലെ നാട്ടുകാരും പൊലീസും ചേർന്ന് സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടിലധികം വെട്ടേറ്റുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ഇതിനിടെ നാട്ടുകാർ ചേർന്ന് രാജേഷിനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.