
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇത്തരം ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ ഭയം വളർത്തിയെടുക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ഒഴിച്ചയാളെ പരസ്യമായി തൂക്കിലേറ്റണം. ഒരു നീതിയും നൽകാൻ കഴിയില്ല. ഈ മൃഗങ്ങളിൽ ഭയം ഉണ്ടാക്കിയെടുക്കണം.'- ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു.
Words can’t do any justice. We have to instil fear of immeasurable pain in these animals. Boy who threw acid at school girl in Dwarka needs to be publicly executed by authorities.
— Gautam Gambhir (@GautamGambhir) December 14, 2022
കഴിഞ്ഞ ദിവസമാണ് സ്കൂളിലേയ്ക്ക് പോകും വഴി ദ്വാരക മേഖലയിൽ വച്ച് 17കാരിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. കുട്ടി നടന്ന് പോകുമ്പോൾ മാസ്ക് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേർ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസി ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോൾ സഫ്‌ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികൾ നൈട്രിക് ആസിഡാണ് ഒഴിച്ചതെന്നാണ് നിഗമനം.