
ന്യൂയോർക്ക്: കാശ്മീർ വിഷയം യുഎൻ സുരക്ഷാ കൗൺസിലിൽ ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ. കൊല്ലപ്പെട്ട അൽ ഖ്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും, അയൽരാജ്യത്തെ പാർലമെന്റ് ആക്രമിക്കുകയും ചെയ്ത ഒരു രാജ്യത്തിന് ധർമോപദേശം നടത്താൻ യോഗ്യതയില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനമോ സംഘർഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളികളോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ് യു എന്നിന്റെ വിശ്വാസ്യതയെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
'ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയർത്തേണ്ട ആവശ്യമില്ല. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനെ സംരക്ഷിച്ച, അയൽരാജ്യത്തിന്റെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് യു.എൻ രക്ഷാകൗൺസിലിനു മുന്നിൽ ധർമോപദേശം നടത്താൻ യാതൊരു യോഗ്യതയുമില്ല
പതിനെട്ട് വർഷം മുമ്പ്, ഡിസംബർ പതിമൂന്നിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ തൊയ്ബ (എൽഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഎം) എന്നിവയുടെ ഭീകരർ ഡൽഹിയിലെ പാർലമെന്റ് സമുച്ചയം ആക്രമിക്കുകയും വെടിവയ്പ്പ് നടത്തുകയും ചെയ്തു. ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.'- അദ്ദേഹം പറഞ്ഞു.
യു എൻ കൗൺസിലിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ കാശ്മീർ പ്രശ്നം ഉയർത്തിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.