ബുക്ക് റിലീസ്

മഹാകവി കുമാരനാശാന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും സർഗ്ഗ ധന്യതയാർന്ന കാവ്യങ്ങളെയും പറ്റി നളിനി ശശിധരൻ തയ്യാറാക്കിയ കൃതിയാണ് കുമാരനാശാൻ. 51 വർഷം മാത്രം ജീവിച്ച ഒരാൾ രണ്ടു പതിറ്റാണ്ടു കൊണ്ട് ചെയ്ത സേവനങ്ങൾ ഒരു നൂറ്റാണ്ടിനു ശേഷവും ആഘോഷപൂർവ്വം ആദരിക്കപ്പെടുന്നു എന്നത് ആശ്ചര്യത്തോടെ മാത്രമേ ചിന്തിക്കാനാവൂ. തികച്ചും ആധുനികമായ ഒരു കവിയുടെ സൃഷ്ടികളാകെ കാലാതീതമായി പ്രകീർത്തിക്കപ്പെടുന്നു എന്നത് മലയാളത്തിൽ കുമാരനാശാന് മാത്രം അവകാശപ്പെടുന്ന ഔന്നത്യമാണ്. കുമാരനാശാനെ പാർശ്വവത്ക്കരിച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാന ചരിത്രം തയ്യാറാക്കാൻ ഒരു ശക്തിക്കും കഴിയില്ല. 
അതുപോലെ കുമാരനാശാന്റെ സാഹിത്യ സംഭാവനകൾക്ക് അഗ്രിമസ്ഥാനം നൽകിക്കൊണ്ടല്ലാതെ മലയാളത്തിന്റെ സാഹിത്യ ചരിത്ര നിർമ്മിതിയും സാദ്ധ്യമല്ല. ശ്രീനാരായണ ധർമ്മപരിപാലനയോഗം ജനറൽ സെക്രട്ടറിയായതു മുതൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് ഭരണ പ്രദേശങ്ങളായിരുന്ന കേരളമെന്ന മലയാള നാടിന്റെ ശ്രദ്ധാകേന്ദ്രമായി കുമാരനാശാൻ മാറിയത് ചരിത്രമാണ്. 1907ൽ പ്രസിദ്ധീകരിച്ച വീണപൂവ് എന്ന ഖണ്ഡകാവ്യത്തിലൂടെ മലയാളികളുടെ മഹാകവിയുമായി മാറുന്നു ആശാൻ. ശ്രീമൂലം പ്രജാസഭാംഗ സ്ഥാനലബ്ധിയോടെ ഈഴവർ തുടങ്ങി പാർശ്വവത്ക്കരിക്കപ്പെട്ട വർഗ്ഗങ്ങളുടെ രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച വിപ്ലവകാരിയുമായി അദ്ദേഹം വാഴ്ത്തപ്പെട്ടു. ഈ മഹാ വ്യക്തിത്വത്തിന്റെ കർമ്മ സാഫല്യത്തിന്റെ സിംഹാവലോകനം ഒരു ജീവചരിത്ര കൃതിയിലൂടെ നടത്തുമ്പോൾ അത് അവധാനതയോടെയും കൃത്യതയോടെയും നിർവഹിക്കപ്പെട്ടിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട അവകാശം വായനക്കാരിൽ നിക്ഷിപ്തമാണ്.
'കാലൻ കനിഞ്ഞ് അല്പകാലം കൂടി നീട്ടിക്കൊടുത്തിരുന്നെങ്കിൽ ലോക സാഹിത്യ നഭോ മണ്ഡലത്തിൽ ആ കാവ്യ രത്നം അത്യുജ്ജ്വല തേജസ്സോടെ എത്രമാത്രം പരിലസിക്കേണ്ടതായിരുന്നു. സാഹിത്യസപര്യ അതിന്റെ മദ്ധ്യാഹ്നത്തിൽ പ്രോജ്ജ്വലിച്ചു നിൽക്കെ വിപ്ലവത്തിന്റെ ആ ശുക്രനക്ഷത്രത്തെ നിർദ്ദയം അടർത്തി മാറ്റിയില്ലേ". ഗ്രന്ഥകാരിയുടെ ഈ ചിന്തയുടെ ഉത്തരം ആശാൻ തന്നെ നൽകിയിട്ടുണ്ട്. 'ഗുണികളൂഴിയിൽ നീണ്ടു വാഴാ" എന്ന്. കുമാരനാശാന്റെ ജീവചരിത്ര രചനയ്ക്ക് സാഹസികമായി സധൈര്യം തയ്യാറായ നളിനി ശശിധരൻ, ആശാന്റെ ആരാധകരുടെ അഭിനന്ദനം അർഹിക്കുന്നു. 150 വർഷം പിന്നിട്ട ആശാന്റെ സ്മരണയ്ക്ക് മുന്നിൽ സമർപ്പിക്കുന്ന സൽപുഷ്പമാണ് കുമാരനാശാൻ എന്ന ഈ ജീവചരിത്ര കൃതി.
(പ്രസാധകർ: 
പ്രഭാത് ബുക്ക് ഹൗസ്)