ponmudi

​തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിയിലേയ്ക്ക് ഇനി സ‌ഞ്ചാരികൾക്ക് ധൈര്യമായി കടന്നുചെല്ലാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇത് പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കിയതായി മന്ത്രി അറിയിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡിസംബര്‍ മഞ്ഞില്‍ പൊന്മുടി കാണാം

റോഡ് തുറക്കുന്നു..

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. കനത്ത മഴയും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബര്‍മാസം മുതല്‍ പൊന്മുടിയിലേക്ക് യാത്രക്കാരെ കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല.

ആദ്യം ഇവിടെ മണ്ണിടിഞ്ഞതിനെതുടര്‍ന്ന് റോഡിന്‍റെ അറ്റകുറ്റപ്പണി നടത്തവേ രണ്ടാമതും മണ്ണിടിയുകയായിരുന്നു. അതോടെ പൊന്മുടി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി.

സെപ്റ്റംബര്‍ 18 ന് ഡി കെ മുരളി എംഎല്‍എയോടൊപ്പം പൊന്മുടിയിലെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. പണിപൂര്‍ത്തിയാക്കി ഡിസംബറില്‍ തന്നെ പൊന്മുടി തുറന്നുകൊടുക്കാനായിരുന്നു അന്ന് തീരുമാനിച്ചത്.

മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രമേ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു.

നിയന്ത്രണങ്ങളോടെ റോഡ് തുറക്കാമെന്ന കെഎസ്ടിപിയുടെ നിര്‍ദ്ദേശം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പ്രകാരം പൊന്‍മുടി റോഡ് സഞ്ചാരികള്‍ക്കായി തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മഞ്ഞുകാലം തുടങ്ങിയതോടെ പൊന്മുടിയില്‍ സുഖശീതളമായ കാലാവസ്ഥയാണ്. മൂടല്‍മഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന പൊന്മുടിയുടെ വൃശ്ചികക്കുളിര്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കിനി ധൈര്യമായി പൊന്മുടിയിലേക്കെത്താം.

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ ക്രിസ്‌മസ് മാസത്തെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ കാത്തിരിക്കുന്നവർക്ക് ഏറെ ആവേശം നൽകുന്ന വാർത്തയാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി തുറക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. രണ്ട് മാസമായി പൊൻമുടി അടഞ്ഞുകിടക്കുന്നതുമൂലം വിതുരമേഖലയിലെ വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പൊൻമുടി തുറക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരും നാട്ടുകാരും നിവേദനങ്ങൾ നൽകിയിരുന്നു.

ഡിസംബർ മാസമായതോടെ മഞ്ഞിൽ മുങ്ങികുളിച്ച് സഞ്ചാരികളുടെ വരവും കാത്ത് നിൽക്കുകയാണ് പൊൻമുടി. അതിശക്തമായ മഞ്ഞ് വീഴ്ച പൊൻമുടിയിലും പരിസരപ്രദേശങ്ങളിലുമുണ്ട്. മൂടൽമഞ്ഞിൻെറ ആധിക്യം മിക്കദിവസങ്ങളിലും വിതുര വരെ വ്യാപിക്കാറുണ്ട്. മഞ്ഞുകാലത്ത് ധാരാളം പേർ പൊന്മുടി കാണാനെത്തുമെന്നതിനാൽ ടൂറിസം വകുപ്പിന് നല്ല വരുമാനം ലഭിക്കുകയും ചെയ്യും.