kidnapping

നാഗ്പൂർ: രാത്രി കാമുകനോടൊപ്പം കിടന്ന യുവതി രാവിലെ പോയത് അയാളുടെ മകന് ഒപ്പം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 25കാരിയായ രേഷ്മ ഭിവ്ഗഡെയാണ് തന്റെ കാമുകനായ ആകാശിന്റെ ഏഴ് വയസുള്ള മകനെ കൊണ്ടുപോയത്.

ശനിയാഴ്ച ആകാശിന്റെ വീട്ടിൽ നിന്ന ശേഷം പിറ്റേന്ന് രാവിലെ ചില ആവശ്യങ്ങൾക്കായി പോയപ്പോൾ രേഷ്മ ആകാശിന്റെ മകനായ മന്തനെ കൂടെ കൂട്ടുകയായിരുന്നു . യുവതി ഉടനെ തിരിച്ചുവരുമെന്ന് കരുതി ആകാശ് മകനെ ഒപ്പം പോകാൻ അനുവദിച്ചു. എന്നാൽ തിരിച്ചുവരാൻ വഴി അറിയാത്തതിനാൽ രേഷ്മയ്ക്ക് മന്തനെ തിരിച്ച് വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവർക്ക് രണ്ടുപേർക്കും സ്വന്തമായി ഫോണില്ലാത്തതിനാൽ വീട്ടിലേയ്ക്ക് വിളിച്ച് ബന്ധപ്പെടാനും കഴിഞ്ഞില്ലെന്നാണ് പൊലീസ് പറഞ്ഞത്. വഴി ഓർമ ഇല്ലാത്തതിനാൽ രേഷ്മ കുട്ടിയെ ചിന്ദ്വാരയിലെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.

ഇതിനിടെ ആകാശുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യ മകനെ കാണാൻ വീട്ടിലെത്തി. അപ്പോഴാണ് രണ്ട് ദിവസമായി മന്തനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് ആകാശിനോടൊപ്പം അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 40 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് രേഷ്മയുടെ വീട്ടിന്റെ അടുത്തുള്ള മൺകൂനയിൽ കളിക്കുന്ന മന്തനെ കണ്ടെത്തി. അതിന്റെ അടുത്തുതന്നെ രേഷ്മയും ഉണ്ടായിരുന്നു. യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.രേഷ്മയും ആകാശും ഒരു ചായക്കടയിൽ വച്ചാണ് പരിചയപ്പെടുന്നത്. ഭർത്താവുമായി പിരിഞ്ഞ് നിൽകുകയായിരുന്നു രേഷ്മ. യുവതിയ്ക്ക് ഒരു കുട്ടിയുണ്ട്.