wedding

ന്യൂഡൽഹി: വിവാഹവേദിയിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതും അതിന്റെ വീഡിയോ പ്രചരിക്കുന്നതും പുതുമയുള്ള കാര്യമല്ല. പലപ്പോഴും ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാകാം പ്രശ്നങ്ങൾ തുടങ്ങിവയ്ക്കുന്നത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി വിവാഹവേദിയിൽ വരനും വധുവും തമ്മിൽ തല്ലുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

വരനും വധുവും വിവാഹവേദിയിൽ നിൽക്കുന്നു. സമീപത്ത് അവരുടെ ബന്ധുക്കളുമുണ്ട്. വരൻ വധുവിന് നിർബന്ധിച്ച് മധുരം കൊടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ വധു കൈ തട്ടിമാറ്റി വരന്റെ മുഖത്തടിച്ചു. തുടർന്ന് പരസ്പരം തല്ലിയ ഇവരെ ബന്ധുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കുന്നില്ല. പിന്നീട് വധു കാലിൽ നിന്ന് ചെരുപ്പ് ഊരി വരനെ തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം.

Kalesh B/w Husband and Wife in marriage ceremony pic.twitter.com/bjypxtJzjt

— Ghar Ke Kalesh (@gharkekalesh) December 13, 2022

'ഘർ കേ കലേഷ്' എന്ന ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇതിനോടകം പതിനായിരക്കണക്കിന് ജനങ്ങളാണ് വീഡിയോ കണ്ടത്. ഒരേ ദിവസം തന്നെ വിവാഹവും വിവാഹമോചനവും നടന്നു', 'വിവാഹമോചനം ലോഡിംഗ്' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. പിന്നീട് വധൂവരന്മാർക്ക് എന്ത് സംഭവിച്ചു എന്നതറിയാനുള്ള ആഗ്രഹവും പലരും കമന്റായി രേഖപ്പെടുത്തി. എന്നാൽ ഇവർക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.