
പുൽക്കൂടൊരുക്കി ക്രിസ്തുമസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഏവരും. സാന്താക്ലോസിൽ നിന്നും ലഭിക്കുന്ന സമ്മാനങ്ങൾ സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ് കുഞ്ഞുങ്ങൾ. വിദേശ രാജ്യങ്ങളിലൊക്കെ ക്രിസ്തുമസിനോടനുബന്ധിച്ച് കുട്ടികൾ സാന്താക്ലോസിന് കത്തെഴുതാറുണ്ട്. പുത്തൻ ഉടുപ്പുകളും മിഠായികളുമൊക്കെയായിരിക്കും മിക്ക കുട്ടികളും സാന്താക്ലോസിനോട് ആവശ്യപ്പെടുക.
എന്നാൽ ഒരു എട്ട് വയസുകാരി സാന്താക്ലോസിനെഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ പെൺകുട്ടി അവരെ സഹായിക്കണമെന്നാണ് സാന്തായോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിയുടെ മാതൃസഹോദരിയാണ് കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.
'പ്രിയപ്പെട്ട സാന്താ. ഈ ക്രിസ്തുമസിന് എനിക്ക് വേണ്ടത് കുറച്ച് പണമാണ്, മാതാപിതാക്കൾക്ക് വേണ്ടി. അവർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ചെലവുകൾക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. അവരുടെ ഈ കഷ്ടപ്പാടുകൾ കാണുമ്പോൾ ഏറെ ദു:ഖം തോന്നുന്നു. ദയവായി പണം നൽകാമോ സാന്താ? ചോദിക്കുന്നത് വളരെ കൂടുതലാണെന്ന് എനിക്കറിയാം. ക്ഷമിക്കണം. സ്‌നേഹത്തോടെ എമ്മി.' എന്നാണ് കുട്ടിയുടെ കത്തിലുള്ളത്.
മക്കളായാൽ ഇങ്ങനെ വേണമെന്നും, ഈ കൊച്ചുപ്രായത്തിലേ മാതാപിതാക്കളുടെ പ്രായാസങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞല്ലോ എന്നൊക്കെയാണ് മിക്കവരും കമന്റ് ചെയ്‌തിരിക്കുന്നത്.
My Sister has just found this letter to Santa, written by her 8 year old Daughter. It’s made me cry a lot to think that someone so young is even thinking about this! 😢 pic.twitter.com/GT4c5i8O3Q
— Nicole Connell (@BradsMrs) November 24, 2022