anand-mahindra-

ലോക സമ്പന്നരുടേയും, ഇന്ത്യയിലെ സമ്പന്നരുടേയും പട്ടിക കാലാകാലങ്ങളിൽ പുറത്തിറങ്ങാറുണ്ട്. എന്നാൽ അതിലൊന്നും മുൻനിരയിൽ ഇടം നേടാത്ത ഒരു പ്രശസ്ത വ്യവസായിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. പലപ്പോഴും പ്രാദേശികമായി ഒതുങ്ങിപ്പോകേണ്ട നിരവധിയാളുകളുടെ കഴിവുകൾ തന്റെ ട്വീറ്റിലൂടെ അദ്ദേഹം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും, ധന സഹായങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ഇതിനൊപ്പം ആരാധകരുടെ ചോദ്യങ്ങൾക്ക് നർമ്മത്തിൽ ചാലിച്ച മറുപടിയും ശ്രദ്ധേയമാണ്. അടുത്തിടെ ഒരാൾ സമ്പന്നരുടെ പട്ടികയിൽ ആനന്ദ് മഹീന്ദ്രയെ എപ്പോൾ ഒന്നാം സ്ഥാനത്ത് കാണാനാവും എന്നാണ് ചോദിച്ചത്.

सच तो ये है कि सबसे अमीर कभी नहीं बनूँगा। क्योंकि ये कभी मेरी ख़्वाहिश ही ना थी… https://t.co/fpRrIf39Z6

— anand mahindra (@anandmahindra) December 11, 2022

ഈ ചോദ്യത്തിന് വ്യവസായിയുടെ മറുപടി ഹൃദയം തൊടുന്ന രീതിയിലായിരുന്നു. 'ഞാൻ ഒരിക്കലും ഏറ്റവും ധനികനാകില്ല എന്നതാണ് സത്യം. എന്തുകൊണ്ടെന്നാൽ അതൊരിക്കലും എന്റെ ആഗ്രഹമായിരുന്നില്ല.' ഈ മറുപടി വന്ന ശേഷം നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയെ പുകഴ്ത്തിയത്. 'നിങ്ങളുടെ ഹൃദയം നിങ്ങളുടെ നിധിയാണ്! നിങ്ങൾ ഇതിനകം ഞങ്ങളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു, സർ, 'എന്നാണ് ഒരാൾ കുറിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ ഫോർബ്സ് പട്ടിക പ്രകാരം 2.1 ബില്യൺ ഡോളറിന്റെ ആസ്തിയുമായി 91ാം സ്ഥാനത്താണ് ആനന്ദ് മഹീന്ദ്ര. നവംബർ 29നാണ് ഫോർബ്സ് ഇന്ത്യ 2022ലെ ഇന്ത്യൻ റിച്ച് ലിസ്റ്റ് പുറത്തിറക്കിയത്.