
ലണ്ടൻ: ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവ് മോദിയുടെ ശ്രമം പരാജയപ്പെട്ടു. 11,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതിയാണ് അമ്പത്തിയൊന്നുകാരനായ നീരവ് മോദി.
തട്ടിപ്പ് വിവരം പുറത്തുവരികയും വിവിധ ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയും ചെയ്‌തതോടെ ഇയാൾ ഇന്ത്യ വിടുകയായിരുന്നു. 2019 മാർച്ചിലാണ് നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായത്. നീരവ് മോദി കടുത്ത വിഷാദത്തിലാണെന്നും ആത്മഹത്യാപ്രവണതയുണ്ടെന്നും ഇന്ത്യയിലേക്ക് കെെമാറുന്നതോടെ അത് കൂടുതൽ വഷളാകുമെന്നുമായിരുന്നു നീരവിന്റെ അഭിഭാഷകന്റെ വാദം.
കഴിഞ്ഞമാസം നീരവ് മോദിയുടെ ഹർജി ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. മുംബയിലെ ആർതർ റോഡ് ജയിലിൽ നീരവ് മോദിയ്ക്ക് മതിയായ വെെദ്യസഹായം നൽകുമെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പ് നൽകിയിരുന്നു.ആ ഉറപ്പ് സംശയിക്കരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതി ഹർജി തള്ളിയത്.
യുകെ സുപ്രീം കോടതിയെ സമീപിക്കുക എന്നതായിരുന്നു നീരവ് മോദിയ്‌ക്ക് മുന്നിലുള്ള അടുത്ത ഓപ്ഷൻ, എന്നാൽ കേസ് പൊതു പ്രാധാന്യത്തോടെയുള്ളതാണെന്ന് ഹൈക്കോടതി സമ്മതിച്ചാൽ മാത്രമേ സുപ്രീം കോടതിയെ സമീപിക്കാൻ കഴിയുകയുള്ളൂ. യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്ന വഴി മാത്രമാണ് നീരവ് മോദിക്ക് മുന്നിലുള്ളത്. 2019 മാർച്ച് മുതൽ ലണ്ടൻ ജയിലിലാണ് നീരവ് മോദി കഴിയുന്നത്.