spider

ഹൈദരാബാദ്: ഇന്ത്യൻ വാഹന വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. വ്യവസായി​യായ നസീർ ഖാൻ ആണ് 12 കോടി വിലയുള്ള മക്‌ലാറൻ 765 എൽ.ടി സ്പൈഡർ മോഡൽ സ്വന്തമാക്കിയത്. ഹൈദരാബാദിലെ താജ് ഫലക്‌നുമ പാലസിന് മുന്നിൽ വച്ച് നസീർ ഖാൻ കാർ ഏറ്റുവാങ്ങി. 'വെൽക്കം ഹോം മക്‌ലാറൻ 765 സ്പൈഡർ" എന്ന തലക്കെട്ടോടെയാണ് ഖാൻ കാറിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ബ്രി​ട്ടനി​ലെ ലക്ഷ്വറി​ കാർനി​ർമ്മാതാക്കളായ മക്‌ലാറന്റെ 765 എൽ.ടി സ്പൈഡർ മോഡലി​ന്റെ ഇന്ത്യയിലെ ആദ്യ ഉപഭോക്താവ് നസീർ ഖാനാണെന്നാണ് റിപ്പോർട്ടുകൾ. വി​ലയേറി​യ കാറുകൾ ഇറക്കുമതി​ ചെയ്യാൻ കഴി​യുമെങ്കി​ലും ഇന്ത്യൻ വി​പണി​യി​ൽ ലഭ്യമാകുന്നതി​ൽ ഏറ്റവും വി​ല കൂടി​യ കാറാണ് സ്പൈഡർ.

4.0 ലിറ്റർ ട്വിൻ ടർബോ ചാർജ്‌ഡ് വി-8 പെട്രോൾ എൻജി​നുള്ള സ്പൈഡർ മക്‌ലാറൻ ഇതുവരെ നിർമ്മി​ച്ചി​ട്ടുള്ളതിൽ ഏറ്റവും വേഗമേറിയ കൺവെർട്ടിബിളുകളിൽ ഒന്നാണ്. കൂപ്പെ പതിപ്പിനെ പോലെയുള്ള എയ്റോഡൈനാമിക് ഡിസൈൻ. കാറിന്റെ റൂഫ് പതിനൊന്ന് സെക്കന്റിൽ തുറക്കുമെന്നതും മറ്റൊരു സവി​ശേഷതയാണ്. ആഡംബരകാറുകൾ ശേഖരി​ക്കുന്നതി​ൽ ഹരമുള്ള ഖാൻ തന്റെ ഇൻസ്റ്റഗ്രാമിൽ വ്യത്യസ്ത ആഡംബര കാറുകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്. റോൾസ് റോയ്‌സ്, ഫെരാരി 812 സൂപ്പർ ഫാസ്റ്റ്, മെഴ്സിഡസ് ബെൻസ് ജി-350 ഡി, ഫോർഡ് മസ്താംഗ്, ലംബോർഗിനി അവന്റഡോർ തുടങ്ങി നിരവധി കാറുകൾ ഖാന് സ്വന്തമായുണ്ട്.