
ന്യൂഡൽഹി: രാജ്യത്തെ പ്രധാന ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയുടെ വായ്പാ നിരക്കുകളിൽ വർദ്ധനവ്. എല്ലാ കാലയളവുകളിലേയ്ക്കുമുള്ള പലിശാ നിരക്കുകളിൽ 25 ബേസിസ് വർദ്ധനവാണുണ്ടായിട്ടുള്ലത്. ഇന്ന് മുതലാണ് എസ്ബിഐയുടെ പുതുക്കിയ പലിശാ നിരക്കുകൾ പ്രാബല്യത്തിൽ വരിക.ഇതോടെ എസ്ബിഐയുടെ കീഴിലുള്ല ഇഎംഐ സേവനങ്ങൾക്കും വർദ്ധനവ് ബാധകമാകും.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ സ്വ കാര്യ പൊതുമേഖലാ ബാങ്കുകൾ നിക്ഷേപ പലിശാ നിരക്കുകൾ വർദ്ധിപ്പിക്കുന്ന നടപടി കൈക്കൊണ്ടിരുന്നു. 2022 മെയ് മുതൽ 2.25 ശതമാനം നിരക്ക് വർദ്ധനയാണ് ആർബിഐ നടപ്പിലാക്കിയത്. പുതിയ നിരക്ക് വർദ്ധന പ്രകാരം ഒരു മാസത്തേയ്ക്കുള്ള നിരക്ക് 7.75 ശതമാനത്തിൽ നിന്ന് 8.00 ശതമാനമായി ഉയരും. ആറ് മാസം , ഒരു വർഷം കാലയളവിലേയക്കുള്ള വായ്പകളുടെ നിരക്ക് 8.05 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായി ഉയർത്തിയിട്ടുണ്ട്. രണ്ട് വർഷത്തെയും മൂന്ന് വർഷത്തെയും കാലാവധി വരുന്ന വായ്പകളുടെ നിരക്ക് യഥാക്രമം 8.25 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായും 8.35 ശതമാനത്തിൽ നിന്നും 8.60 ശതമാനമായും ഉയർത്തിയിട്ടുണ്ട്.
അതേ സമയം രാജ്യത്തെ വാണിജ്യ ബാങ്കുകൾ കിട്ടാക്കടമായി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എഴുതിത്തള്ളിയത് 10 ലക്ഷം കോടിയിൽപ്പരം രൂപയാണെന്നുള്ള വിവരം പുറത്ത് വന്നിരുന്നു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് ധനസഹമന്ത്രി ഭഗവത് കാരാട് നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മൊത്തം കിട്ടാക്കടത്തിന്റെ 13 ശതമാനം മാത്രമാണ് തിരിച്ചുപിടിക്കാനായത്. എന്നാൽ ആരെല്ലാമാണ് ഇത്തരത്തിൽ ബാങ്കുകളെ കബളിപ്പിച്ചതെന്നതിന് വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. വായ്പാ തിരിച്ചടവ് കുടിശ്ശിക വരുത്തിയ 25 പേരുടെ വിവരമാണ് സഭയിൽ തേടിയത്. റിസർവ് ബാങ്ക് ചട്ടങ്ങൾപ്രകാരം ഇവരുടെ പേര് പുറത്തുവിടാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1.65 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്.