
തിരുവനന്തപുരം : ദേശീയപാത വികസനം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാരും കേരളവും തമ്മിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്ങനെ ആരും മനഃപ്പായസമുണ്ണേണ്ടെന്നും പിണറായി പറഞ്ഞു.
നിതിൻ ഗഡ്കരിയുടെ പ്രസ്താവന മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ്. വികസന പ്രവർത്തനങ്ങൾ നടത്തുന്നത് കൊണ്ട് ആരും സംസ്ഥാനത്ത് വഴിയാധാരമാകില്ല. മുൻ യു.ഡി.എഫ് സർക്കാർ കൃത്യമായി കാര്യങ്ങൾ ചെയ്തില്ല. ഇതിനാലാണ് സംസ്ഥാനത്തിന് അധിക ബാദ്ധ്യതയുണ്ടായത്. ദേശീയപാത വികസനം അജണ്ടയായി ഏറ്രെടുത്ത് നടത്താൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം 2025 ഓടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നിലവിൽ വരുന്ന മൂന്ന് വ്യാവസായിക ഇടനാഴികൾ സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിന് കാരണമാകുമെന്നും ഗഡ്കരി പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൂടെ നിന്നതിന് സർക്കാരിന് നന്ദിയെന്നും ഗഡികരി അറിയിച്ചു. 45636 കോടി രൂപയുടെ ദേശീയ പാത പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് വികസനത്തിൽ കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടെന്ന് ഗഡ്കരി നേരത്തെ പാർലമെന്റിൽ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നാലിലൊന്ന് വഹിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് കേരളം പിൻമാരി. ഒരു കിലോമീറ്റർ പാതയ്ക്ക് കേരളത്തിൽ ചെലവ് 100 കോടിയാണെന്നും ഗഡ്കരി പറഞ്ഞു.