
ഫിഫ ലോകകപ്പ് ഫെെനൽ ഈ വരുന്ന ഞായറാഴ്ചയാണ്. ആദ്യ സെമിയിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജന്റീന ഫെെനലിൽ എത്തിയിരുന്നു. ഇന്നലെ മൊറോക്കോയെ വീഴ്ത്തി ഫ്രാൻസും ഫെെനലിലെത്തി. ഇനി ഫുട്ബാൾ ആരാധകർക്ക് ശാന്തരാകാൻ കഴിയില്ല.
ഇപ്പോഴിതാ സന്തോഷം ആഘോഷിക്കുകയാണ് പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള മധുരപലഹാര കടകൾ. കടയിലെ പുതിയ മധുരപലഹാരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അർജന്റീനയുടെ പതാകകൾ കൊണ്ട് കട അലങ്കരിക്കുക മാത്രമല്ല. മധുരപലഹാരങ്ങളും അർജന്റീനയെ പിന്തുണയ്ക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ മധുരം കൊണ്ട് 17 കിലോയുള്ള ലയണൽ മെസിയുടെ ഒരു പ്രതിമയും ഇവർ ഒരുക്കിയിട്ടുണ്ട്. ഒപ്പം അർജന്റീനയുടെ പതാകയുടെ നിറത്തിൽ രസഗുളകളും മറ്റ് മധുരപലഹാരങ്ങളും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്.

ഇവ വാങ്ങാനായെത്തുന്ന മെസി ആരാധകരുടെ വൻ തിരക്കാണ് ഇപ്പോൾ കടകളിൽ അനുഭവപ്പെടുന്നത്. മെസി ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്നും അർജന്റീന ടീമിന് വലിയ പിന്തുണ നൽകുന്നതുകൊണ്ടാണ് മെസിയുടെ പ്രതിമ ഉണ്ടാക്കിയതെന്നും കടയുടമ പറഞ്ഞു.