
തിരുവനന്തപുരം: ബിജെപിയുടെ ഇടപെടൽ കൊണ്ടാണ് കഴക്കൂട്ടം മേൽപ്പാലം പദ്ധതി നിലവിൽ വന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബിജെപി പദ്ധതിയ്ക്കായി നിവേദനം സമർപ്പിച്ചതായി സംസ്ഥാനത്തെ 45636 കോടി രൂപയുടെ 15 ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി കഴക്കൂട്ടം മേൽപ്പാലം യാഥാർഥ്യമാക്കിയതിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നതെന്ന് പ്രസ്താവിച്ചു. ഇത്രയും വലിയ പദ്ധതി സമ്മാനിച്ചതിന് നിതിൻ ഗഡ്കരിയെയും ഒപ്പം പ്രധാനമന്ത്രിയെയും പ്രശംസിച്ച വി മുരളീധരൻ ദേശീയപാതാ നിർമാണത്തിനായുള്ള മുഴുവൻ ചെലവും കേന്ദ്രമാണ് വഹിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
അതേ സമയം 2025-ഓടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നിലവിൽ വരുന്ന മൂന്ന് വ്യാവസായിക ഇടനാഴികൾ സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിന് കാരണമാകുമെന്നും ഗഡ്കരി പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൂടെ നിന്നതിന് സർക്കാരിന് നന്ദിയെന്നും ഗഡ്കരി അറിയിച്ചു.
റോഡ് വികസനത്തിൽ കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടെന്ന് ഗഡ്കരി നേരത്തെ പാർലമെന്റിൽ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നാലിലൊന്ന് വഹിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് കേരളം പിൻമാറി. ഒരു കിലോമീറ്റർ പാതയ്ക്ക് കേരളത്തിൽ ചെലവ് 100 കോടിയാണെന്നും ഗഡ്കരി പറഞ്ഞു.