rahul-gandhi

ജയ്പൂർ: രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും രക്തസാക്ഷിത്വം എല്ലാ യോഗത്തിലും പാർട്ടി പ്രവർത്തകർ വലിച്ചിഴയ്ക്കരുതെന്ന് രാഹുൽ ഗാന്ധി. രാജസ്ഥാനിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിലായിരുന്നു പ്രവർത്തകർക്കും പാർട്ടി അനുഭാവികൾക്കുമായി അദ്ദേഹം മാർഗനിർദേശങ്ങൾ മുന്നോട്ട് വെച്ചത്. തന്നെ ഗാന്ധിയുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും നെഹ്റുവും രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും ചെയ്ത നല്ക കാര്യങ്ങൾ ആവർത്തിച്ച് പറയേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തന്നെ ഗാന്ധിയുമായി താരതമ്യം നടത്തുന്നത് തെറ്റാണെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി തന്റെ ജീവിതം തന്നെ സമർപ്പിച്ച് പത്ത്-പന്ത്രണ്ട് വർഷത്തോളം ജയിൽ വാസം അനുഭവിച്ച അദ്ദേഹത്തെ പോലുള്ള നിലപാട് സ്വീകരിക്കാനായി ആർക്കും കഴിയില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അത് കൂടാതെ തന്നെ രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും രാജ്യത്തിനായി നല്ല കാര്യങ്ങളാണ് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം അതിനാൽ തന്നെ അവരുടെ രക്തസാക്ഷിത്വത്തെപ്പറ്റി എല്ലാ യോഗത്തിലും പ്രവർത്തകർ പറയേണ്ടതില്ലെന്നും ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്നതിന് കൂടുതൽ പ്രാധാന്യം നൽകി അതിനെക്കുറിച്ച് സംസാരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു എന്നീ നേതാക്കൾ തങ്ങളാൽ കഴിയുന്ന സേവനങ്ങൾ ജനങ്ങൾക്കായി ചെയ്തിട്ടുണ്ട് അവർക്കായി നമ്മൾ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.