
പത്തനംതിട്ട: മന്ത്രിമാരായ കെ.രാധാകൃഷ്ണന്റെയും കെ.രാജന്റെയും സാന്നിദ്ധ്യത്തിൽ പമ്പയിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ തിരക്ക് നിയന്ത്രണത്തിന്റെയും മറ്റും പേരിൽ വിവിധ വകുപ്പുകൾ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് ബദൽ സംവിധാനത്തിന് ധാരണയായി.
ആക്ഷേപം-- പരിഹാരം
1. പതിനെട്ടാംപടിയിൽ പരിചയമുള്ള പൊലീസുകാരില്ല : ദേവസ്വം ബോർഡ് പ്രസിഡന്റ്
കുട്ടികൾ, വയസായ സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ക്യൂ ഒരുക്കും. കുട്ടികൾ കൂട്ടംതെറ്റി പോകുമെന്ന ആശങ്ക കൂടി പരിഗണിക്കും. ദർശനത്തിനെത്തേണ്ട ഭക്തരുടെ എണ്ണം വെർച്വൽ ക്യൂ വഴി 90,000 എന്ന നിലയിൽ നിയന്ത്രിക്കും. ക്യൂ കോംപ്ലക്‌സ്, ഫ്‌ളൈ ഓവർ എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ക്യൂ നിൽക്കുന്ന ഭക്തർക്ക് ആഹാരം, വെള്ളം, മതിയായ ടോയ്‌ലെറ്റ് സൗകര്യം എന്നിവ ഉറപ്പാക്കും.
2. കെ.എസ്.ആർ.ടി.സി ബസിൽ സ്വാമിമാരെ കുത്തിനിറച്ചു കൊണ്ടുപോകുന്നു : മന്ത്രി
വിഷയം പരിശോധിക്കാൻ മോട്ടോർ വാഹനം വകുപ്പിന് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ ബസുകളെത്തിക്കും. കാലപ്പഴക്കം ചെന്ന ബസുകൾ ഓടിക്കുന്നുണ്ടോ എന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധിക്കും. ഭക്തരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും.
3. പാർക്കിംഗ് ഗ്രൗണ്ടിൽ കരാറുകാരൻ ജീവനക്കാരെ നിയമിക്കുന്നില്ല : ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ
കൂടുതൽ പാർക്കിംഗ് സെന്ററുകൾ കണ്ടെത്താൻ വനം വകുപ്പിന്റെ സഹായം തേടി. കൂടുതൽ ജീവനക്കാരെ അവിടെ നിയോഗിക്കാനും ധാരണയായയി.