
സംസ്ഥാനങ്ങളുടെ അതിർത്തികളിലുള്ള ഗ്രാമങ്ങളെക്കുറിച്ചുള്ള രസകരമായ കഥകൾ ഒരുപാടുണ്ട്. അതിൽ ഒടുവിലത്തേതാണ് മഹാരാഷ്ട്ര, തെലുങ്കാന അതിർത്തിയിലെ ഒരു ഗ്രാമത്തിലെ ഒരു വീടിന്റെ കഥ. രസകരമായ കാര്യം എന്താണെന്ന് വച്ചാൽ ഈ വീട് രണ്ട് സംസ്ഥാനങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ വീട്ടിലെ അടുക്കള തെലങ്കാനയിൽ ആണെങ്കിൽ ബെഡ്റൂം മഹാരാഷ്ട്രയിലാണെന്ന് പറയേണ്ടി വരും. അങ്ങനെയാണ് വീടിന്റെ കിടപ്പ്. ചന്ദ്രാപൂരിലെ മഹാരാജ്‌ഗുഡ് എന്ന ഗ്രാമത്തിലാണ് ഈ വീടുള്ളത്. . വീടിന്റെ ഒരു ഭാഗം തെലങ്കാനയിലും മറ്റേ ഭാഗം മഹാരാഷ്ട്രയിലുമാണ്. വീട്ടിൽ എട്ടുമുറികളുണ്ടെന്നും അതിൽ നാലെണ്ണം തെലങ്കാനയിലും ബാക്കി മഹാരാഷ്ട്രയിലുമാണെന്ന് വീട്ടുടമ ഉത്തം പവാർ പറയുന്നു.
രണ്ട് സംസ്ഥാനങ്ങളിലായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മറ്റു ബുദ്ധിമുട്ടികളൊന്നുമില്ലെന്നും പകരം രണ്ട് സംസ്ഥാനങ്ങളിലെയും ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും പവാർ പറഞ്ഞു. ചോക്ക് കൊണ്ട് മാർക്ക് ചെയ്താണ് വീട്ടിലെ അതിർത്തി നിർണയിച്ചിരിക്കുന്നത്. 1969ൽ അതിർത്തി നിർണയിച്ചപ്പോഴാണ് വീട് മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി വിഭജിക്കപ്പെട്ടത്. രണ്ട് സംസ്ഥാനങ്ങളിലും നികുതി അടയ്ക്കുന്നുണ്ട്. തെലങ്കാന സർക്കാരിന്റെ ആനുകൂല്യങ്ങളാണ് കൂടുതലായി ലഭിക്കുന്നതെന്നും പവാർ വ്യക്തമാക്കി.
അടുത്തിടെ മഹാരാഷ്ട്രയിലെ 11 അതിർത്തി ഗ്രാമങ്ങൾ കർണാടകയുമായി ലയിക്കണമെന്ന ആവശ്യവുമായി പ്രമേയം പാസാക്കിയിരുന്നു. പ്രമേയം പാസാക്കിയതിനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ അക്കൽകോട്ടിലെ ഈ 11 ഗ്രാമങ്ങൾക്കും നോട്ടീസ് അയച്ചു. അതേസമയം ഇതിൽ 10 ഗ്രാമങ്ങൾ തങ്ങളുടെ പ്രമേയങ്ങൾ റദ്ദാക്കിയതായിും മഹാരാഷ്ട്രയിൽ തുടരാൻ ആഗ്രഹിക്കുന്നതായും സർക്കാരിനെ അറിയിച്ചു.