
സ്റ്റോക്‌ഹോം : സ്വീഡനിൽ സ്റ്റോക്ഹോമിന് വടക്ക് 165 കിലോമീറ്റർ അകലെ ഫുരുവിക്‌സ്പാർകൻ മൃഗശാലയിൽ നിന്ന് പുറത്തുചാടിയ അഞ്ച് ചിമ്പാൻസികളിൽ മൂന്നെണ്ണത്തെ വെടിവച്ചു കൊന്നു. വെടിയേറ്റ നാലാമത്തെ ചിമ്പാൻസി പരിക്കേറ്റ് ചികിത്സയിലാണെന്നും അഞ്ചാമത്തേത് സ്വയം മൃഗശാലയിലേക്ക് മടങ്ങിയെത്തിയെന്നും സ്വീഡിഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം.
പുറത്തുചാടിയ ചിമ്പാൻസികൾ വളരെ ശക്തരായിരുന്നെന്നും മനുഷ്യരെ ആക്രമിക്കാൻ പ്രവണതയുള്ളവയായിരുന്നെന്നും ഇവയിൽ മൂന്നെണ്ണത്തെ വെടിവച്ചു കൊല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നെന്നും മൃഗശാല അധികൃതർ പറഞ്ഞു. മാത്രമല്ല, ഇവയെ മയക്കാൻ വേണ്ടത്ര മരുന്നുകൾ മൃഗശാലയിൽ ഇല്ലായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.
ചിമ്പാൻസികൾ പുറത്തുചാടിയതിന് പിന്നാലെ പ്രദേശത്തെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും ജനാലകളും വാതിലുകളും അടച്ചിടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവ എങ്ങനെയാണ് പുറത്തുചാടിയതെന്ന് വ്യക്തമല്ല. നിലവിൽ അടഞ്ഞുകിടക്കുന്ന മൃഗശാലയിൽ അന്വേഷണം പുരോഗമിക്കുകയാണ്.