fernando

ലിസ്‌ബൺ: ഖത്തർ ലോകകപ്പിൽ നിർണായക മത്സരങ്ങളിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ പ്ളെയിംഗ് ഇലവനിൽ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയതിന് കോച്ച്ഫെർണാണ്ടോ സാന്റോസിന് നൽകേണ്ടി വന്നത് വലിയ വിലയാണ്. ക്വാർട്ടറിൽ പരാജയപ്പെട്ട് ടീം പുറത്തായതോടെ സാന്റോസിനെതിരെ പോർച്ചുഗലിന്റെ മുൻ ഇതിഹാസ താരം ഫിഗോയടക്കം വിമർശനവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാന്റോസ് ഇപ്പോൾ കോച്ച് സ്ഥാനത്ത് നിന്നും പുറത്തായിരിക്കുകയാണ്.

നീണ്ട എട്ട് വർഷക്കാലം പോർച്ചുഗൽ മാനേജറായ സാന്റോസ് ടീമിന് 2016 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടുന്നതിനും നേഷൻസ് ലീഗ് കിരീടം നേടുന്നതിലും പ്രധാന പങ്കുവഹിച്ചു. 2024വരെ കരാറുണ്ടായിരുന്നെങ്കിലും ലോകകപ്പിലെ വിവാദ തീരുമാനങ്ങളും ടീം പുറത്തായതും കണക്കാക്കിയാണ് അദ്ദേഹത്തിന് സ്ഥാനത്ത് നിന്നും മാറേണ്ടിവന്നിരിക്കുന്നത്.

പോർച്ചുഗലിന്റെ ഔദ്യോഗിക ട്വി‌റ്ററക്കൗണ്ടിൽ സാന്റോസിന് ആദരവർപ്പിച്ച് സുദീർഘമായ വീഡിയോ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഹോസെ മൗറിഞ്ഞ്യോയടക്കം മികച്ച പരിശീലകരെ പോർച്ചുഗൽ തേടുന്നതായാണ് പുതിയ വിവരം.