landslide

ക്വാ‌ലാലംപൂർ: മലേഷ്യയിൽ ടൂറിസ്‌റ്റ് ക്യാമ്പിൽ മണ്ണിടിഞ്ഞ് വൻ ദുരന്തം. രാജ്യതലസ്ഥാനമായ ക്വാലാലംപൂരിന് സമീപം സെലൻഗോറിലെ ഒരു ഫാം ഹൗസിലാണ് ദുരന്തമുണ്ടായത്. പ്രാദേശിക സമയം പുലർച്ചെ മൂന്നിന് (ഇന്ത്യൻ സമയം വെള‌ളിയാഴ്‌ച പുലർച്ചെ 12.30) ഉണ്ടായ ദുരന്തത്തിൽ രണ്ടുപേർ മരിച്ചതായാണ് വിവരം. അൻപതോളം പേർ ദുരന്തത്തിൽ പെട്ടു. 29 പേരെ രക്ഷിക്കാനായി. ആകെ 79 പേരാണ് സ്ഥലത്ത് അപകടത്തിൽപെട്ടത്. ഇതിൽ 23 പേർ സുരക്ഷിതരാണെന്ന് കണ്ടെത്തി. മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ടെന്നും വിവരമുണ്ട്.

അഗ്നിരക്ഷാ സേന വിഭാഗവും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ക്യാംപിന് 30 മീറ്റർ (100അടി) ഉയരത്തിലുള‌ള മലയുടെ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഏതാണ്ട് ഒരേക്കറോളം സ്ഥലം ദുരന്തത്തിൽ ഇല്ലാതായി.ജെന്റിംഗ് ഹൈലാൻഡ്‌സ് എന്ന പ്രദേശത്താണ് ദുരന്തമുണ്ടായത്. മുൻപും മണ്ണിടിച്ചിൽ പ്രശ്‌നമുണ്ടായ പ്രദേശമാണിവിടം. വനഭൂമി കൈയേറ്റമാണ് ഈ പ്രശ്‌നങ്ങളിലേക്ക് വഴിവച്ചതെന്നാണ് വിവരം.