
ഭുവനേശ്വർ: ഇന്ത്യയുടെ ആണവശേഷിയുളള ബാലിസ്‌റ്റിക് മിസൈൽ അഗ്നി-5ന്റെ രാത്രികാല പരീക്ഷണം വൻ വിജയം. 5400 കിലോമീറ്റർ അകലെവരെയുളള ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ ആക്രമിക്കാൻ ശേഷിയുളളതാണ് അഗ്നി-5. ചൈനയുടെ തലസ്ഥാനമായ ബീജിംഗും, റഷ്യൻ തലസ്ഥാനമായ മോസ്‌കോയും പാകിസ്ഥാനും ഗൾഫ് രാജ്യങ്ങളുമെല്ലാം മിസൈൽ പരിധിയിൽ വരുന്നുണ്ട്.
അരുണാചലിലെ ചൈനീസ് പ്രകോപനത്തിന് ശേഷം ഒരാഴ്‌ചമാത്രം പിന്നിടുമ്പോഴാണ് ഇന്ത്യ ആണവശേഷി മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയത്. ഒഡീഷയിലെ അബ്‌ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു പരീക്ഷണം. അഗ്നി-5 മിസൈലിന്റെ ഒൻപതാമത് വിജയകരമായ പരീക്ഷണമാണിത്.
ചൈനയ്‌ക്ക് നോട്ടമുളള രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിൽ ഇന്ത്യ വ്യോമസേനാഭ്യാസം നടത്തുന്നത് ഇന്നും തുടരും. യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഹെലികോപ്‌റ്ററുകളും പ്രദർശനത്തിലുണ്ട്. റഫാലും സുഖോയുമടക്കം യുദ്ധവിമാനങ്ങൾ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. കിഴക്കൻ എയർ കമാൻഡിലെ പ്രദേശത്ത് നിരന്തരമായ ചൈനീസ് വെല്ലുവിളികൾക്ക് മുന്നറിയിപ്പായാണ് അഭ്യാസപ്രകടനം.തവാംഗ് മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം രൂക്ഷമാണ്. കഴിഞ്ഞ ഒൻപതിന് ഇവിടെ ഇരുവിഭാഗം സൈനികരും ഏറ്റുമുട്ടിയിരുന്നു.