
തിരുവനന്തപുരം: കാറ്റിൽ നിന്ന് വീട്ടിലേക്ക് വൈദ്യുതി എത്തിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് ലോകത്ത് വിപണത്തിനിറക്കിയ മലയാളി അരുൺ ജോർജ്ജും അദ്ദേഹത്തിന്റെ സ്റ്റാർട്ടപ്പ് അവാന്ത് ഗാർഡ് ഇന്നൊവേഷൻ കമ്പനിയും കോവളത്തെ ഹഡിൽ മേളയിൽ അത്ഭുതമായി.
കാറ്റിൽ ചെറിയ ടർബൈനുകൾ കറക്കി കുറഞ്ഞ ചെലവിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ചെറിയ വിൻഡ് ടർബൈൻ ആണ് സ്റ്റാർട്ടപ്പിന്റെ ഉത്പന്നം. തിരുവനന്തപുരം സ്വദേശികളും സഹോദരങ്ങളുമായ അരുൺജോർജും അനൂപ് ജോർജുമാണ് ഇതിനുപിന്നിൽ.
ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ച പദ്ധതിയുടെ ഉപഭോക്താക്കളിൽ അമേരിക്കൻ സർക്കാരുമുണ്ടെന്നത് മറ്റൊരു വിസ്മയം. അന്റാർട്ടിക്കയും ആസ്‌ട്രേലിയയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവരുടെ വിൻഡ് ടർബൈനുകൾ ഉണ്ട്. ലോകത്തെ മികച്ച 20 ക്ലീൻ ടെക് സ്റ്റാർട്ടപ്പുകളിൽ ഒന്നായി രണ്ടു തവണ ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തിട്ടുണ്ട്.
ഒരു വീടിന് ഒരു ദിവസം വേണ്ട മൂന്ന് കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. വിദേശത്ത് രണ്ട് ലക്ഷം രൂപ വിലയുള്ള വിൻഡ് ടർബൈനുകൾക്ക് ഇവർ ഈടാക്കുന്നത് 80,000രൂപ മാത്രം. 25വർഷം കേടാകാതെ ഉപയോഗിക്കാം. ഏത് കാലാവസ്ഥയിലും പ്രവർത്തിക്കും. ആദ്യം ചെലവാകുന്ന തുകയുടെ മൂന്നു മുതൽ അഞ്ച് മടങ്ങുവരെ 25വർഷം കഴിയുമ്പോൾ തിരിച്ചു കിട്ടുമെന്ന് അരുൺ പറയുന്നു. 25ലേറെ സ്‌മോൾ വിൻഡ് ടർബൈൻ കമ്പനികൾ അമേരിക്കൻ സർക്കാരിനു കീഴിലുണ്ടായിട്ടും തങ്ങളുടേതാണ് അമേരിക്കൻ സർക്കാർ ഉപയോഗിക്കുന്നതെന്ന് അരുൺ അഭിമാനത്തോടെ പറയുന്നു.
കഴിഞ്ഞ കൊല്ലം ലഡാക്കിൽ 11,000 അടി ഉയരത്തിൽ മൈനസ് 30 ഡിഗ്രി തണുപ്പിൽ ഇവരുടെ വിൻഡ് ടർബൈൻ ഇന്ത്യൻ സേന സ്ഥാപിച്ചിരുന്നു. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ചെറിയ വിൻഡ് ടർബൈൻ ജനുവരിയിൽ സിക്കിമിലെ ഇന്ത്യ ചൈന അതിർത്തിയിൽ 16,000 അടി ഉയരത്തിൽ ഇന്ത്യൻ സേന സ്ഥാപിക്കും. അനർട്ടിന്റെ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ 2000ത്തിൽ കൂടുതൽ മെഗാവാട്ട് വൈദ്യുതി വിൻഡ് ടർബൈനുകൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കാം.
കോവളം മുൻ എം എൽ എ പരേതനായ ജോർജ് മേഴ്സിയറിന്റെയും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായിരുന്ന പ്രസന്നകുമാരിയുടേയും മക്കളാണ് ഇരുവരും. ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയിൽ നിന്ന് എം ബി എ യും ഡിസ്പ്യൂട്ട് റെസലൂഷൻ ആൻഡ് കോൺഫ്ളിക്റ്റ്സ് മാനേജ്‌മെന്റിൽ ഉപരിപഠനവും പൂർത്തിയാക്കിയിട്ടുണ്ട് അരുൺ ജോർജ്.