
തിരുവനന്തപുരം: മദ്ധ്യവയസ്‌കയായ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നന്ദിയോട് പച്ച പയറ്റടി തടത്തരികത്ത് വീട്ടിൽ സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന പത്തനാപുരം പുന്നല കടശേരി കൈതകെട്ട് പൂവണംമൂട് വീട്ടിൽ രാജേഷാണ് (46) അറസ്റ്റിലായത്.
ബസിലിരിക്കുന്ന തന്നെ രാജേഷ് പിന്തുടരുന്നുണ്ടെന്ന് സിന്ധു രാവിലെ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുൻപും ഇവർ സഹോദരിയെ വിളിച്ചിരുന്നു. സിന്ധുവും രാജേഷും ബാല്യകാല സുഹൃത്തുക്കളായിരുന്നു. രാജേഷിന്റെ അമ്മയ്‌ക്ക് പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയുണ്ടായിരുന്നപ്പോൾ സ്റ്റാഫ് ക്വാർട്ടേഴ്സിലായിരുന്നു ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
ക്വാർട്ടേഴ്സിനു സമീപം പൊൻകുഴിയിലായിരുന്നു സിന്ധുവിന്റെ കുടുംബം. പിന്നീട് നന്ദിയോട് പച്ച ഓരുക്കുഴിയിലേക്കും തുടർന്ന് പച്ച ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടിലേക്കും സിന്ധു താമസം മാറി.
സിന്ധുവിന്റെ വിവാഹം കഴിഞ്ഞ് അധികകാലം കഴിയുന്നതിന് മുമ്പ് തന്നെ ഭർത്താവ് ഉപേക്ഷിച്ചു. വീട്ടുജോലികൾ ചെയ്‌തും കെയർ ടേക്കറായും മകളെ വളർത്തി. പന്ത്രണ്ട് വർഷം മുമ്പാണ് രാജേഷ് വീണ്ടും സിന്ധുവിന്റെ ജീവിതത്തിലെത്തിയത്. ഭാര്യയും കുട്ടികളുമുള്ള ഇയാൾ സിന്ധുവിനൊപ്പം വാടകവീട്ടിൽ താമസം തുടങ്ങി.
തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ പത്ത് വർഷത്തോളം ഹോംനഴ്സായിരുന്നു സിന്ധു. ഈ കുടുംബമാണ് മകളുടെ വിവാഹത്തിനടക്കം സഹായം ചെയ്‌തത്. രോഗി മരിച്ചതോടെ ജോലി പോയി. വരുമാനം നിലച്ചതോടെ രാജേഷ് സ്ഥിരമായി സിന്ധുവിനെ മർദിക്കാൻ തുടങ്ങി. എന്നാൽ ഇവർ ഈ വിവരം മകളെയോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല.
രാജേഷിന് കച്ചവടം നടത്താനും ഓട്ടോ വാങ്ങാനും ധാരാളം പണം തന്റെ സമ്പാദ്യത്തിൽ നിന്നും കടം വാങ്ങിയും മറ്റും നൽകിയിരുന്നതായി സിന്ധുവിന്റെ ബന്ധുക്കൾ പറയുന്നു. പാലോട് പ്ലാവറയിൽ ഉപജീവനമാർഗമായി സിന്ധു ജ്യൂസ് കട തുടങ്ങിയെങ്കിലും രണ്ടുമാസം മുമ്പ് അടച്ചുപൂട്ടിയിരുന്നു.
വീടിന്റെ വാടക തുടർച്ചയായി മുടങ്ങിയതോടെ വീട്ടുടമസ്ഥൻ സിന്ധുവിന്റെ മകളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മകളും സഹോദരിയും കൂടി വീട്ടിലെത്തി സഹോദരിയുടെ വീട്ടിലേക്ക് സിന്ധുവിനെ കൊണ്ടുപോയി. ഇന്നലെ പ്രതി സിന്ധുവിനെ പിന്തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറരുതെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നു.