arrest-

ചാരുംമൂട്: കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തായ യുവതിയും അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈസ്റ്റ് കല്ലട കൊടുവുള വീട്ടിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർ കാരാഴ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 500 രൂപയുടെ നിരവധി കള്ളനോട്ടുകൾ പിടികൂടി.

സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖ നൽകിയ 500 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നൂറനാട് സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുഉള്ള പൊലീസ് സംഘമെത്തി പരിശോധിച്ചപ്പോൾ പഴ്സിൽ നിന്നു 500 രൂപയുടെ കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തി. തുടർന്ന് ലേഖയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ലേഖയുടെ താമരക്കുളത്തുള്ള വീട് പരിശോധിച്ചപ്പോൾ 500 രൂപയുടെ നോട്ടുകൾ വീണ്ടും ലഭിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്ലീറ്റസ് ആണ് കള്ളനോട്ട് നൽകിയതെന്ന് ലേഖ വ്യക്തമാക്കി. വീടിനു സമീപത്തു നിന്ന് ഇന്നലെ പുലർച്ചെ ഇയാളെ അറസ്റ്റ് ചെയ്തു. 500 രൂപയുടെ കള്ളനോട്ടുകൾ ക്ലീറ്റസിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു.

ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷനിൽ അടിപിടി, പൊലീസിനെ ആക്രമിക്കൽ, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങി നിരവധി കേസുകൾ ക്ലീറ്റസിന്റെ പേരിലുണ്ട്. 10,000 രൂപയുടെ കള്ളനോട്ടാണ് ക്ലീറ്റസ് ലേഖയ്ക്ക് നൽകിയത്. എല്ലാം 500ന്റെ നോട്ടുകൾ. ഒരു മാസമായി ലേഖ ചാരുംമൂട്ടിലുള്ള സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, ഫാൻസി സ്റ്റോറുകൾ എന്നിവിടങ്ങളിൽ കള്ളനോട്ട് നൽകി ചെറിയ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങിയിരുന്നതായി കടക്കാർ പറഞ്ഞു.

സൂക്ഷ്മമായി നോക്കിയാൽ മാത്രം മനസിലാകുന്ന കള്ളനോട്ടുകളാണ് കൈമാറിയിരുന്നത്. ഒരു ദിവസം ഒരു കടയിൽ മാത്രമാണ് ലേഖ നോട്ട് മാറ്റിയെടുത്തിരുന്നത്. കടകളിൽ തിരക്കേറിയ സമയത്ത് ജീവനക്കാർ നോട്ട് ശ്രദ്ധിച്ചിരുന്നുമില്ല. ലേഖയെ ഉപയോഗിച്ച് കള്ളനോട്ടുകൾ മാറ്റിയെടുക്കുക എന്നതായിരുന്നു ക്ലീറ്റസിന്റെ പദ്ധതി. നോട്ടുകളുടെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ പി. ശ്രീജിത്ത്, എസ്.ഐ നിതീഷ്, ജൂനിയർ എസ്.ഐ ദീപു പിള്ള, എസ്.ഐ രാജീവ്, എ.എസ്.ഐ പുഷ്പൻ, സി.പി.ഒമാരായ ഷാനവാസ്, രഞ്ജിത്ത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.