study-abroad-

കോട്ടയം: കൊവിഡ് നിയന്ത്രണങ്ങൾ മാറി ജനുവരിയിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതോടെ കാനഡയും യു.കെയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനും ജോലിക്കും സാഹചര്യം അനുകൂലമായി. ജില്ലയിൽ ഐ.ഇ.എൽ.ടി.എസ്, ഒ.ഇ. ടി കോഴ്‌സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ തിരക്കും കൂടി. പഠനം കഴിഞ്ഞാലും രണ്ട് വർഷം കൂടി താമസിക്കാൻ വിസ ലഭിക്കുന്നതും ശേഷം തൊഴിൽ സാദ്ധ്യതയുമാണ് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയുടെ പ്രധാന ആകർഷണം. അതിനാൽ ഇവിടെ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നവരുടെ എണ്ണം കൂടുതലാണ്.

ജനുവരി മുതൽ കാനഡയിലെ സർവകലാശാലകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കും. ഈ മാസം നിരവധിപ്പേരാണ് ജില്ലയിൽ നിന്ന് കടൽകടക്കുന്നത്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കാണ് അവസരമുള്ളത്.

പഠനത്തിനൊപ്പം ജോലി

പാർട്ട് ടൈം ജോലി ചെയ്ത് പഠനത്തിനും മറ്റ് ചെലവുകൾക്കുമുള്ള പണം കണ്ടെത്താം. ഹോസ്റ്റൽ ഫീസും മറ്റ് ചെലവുകളും ചിലപ്പോൾ വീട്ടിലേയ്ക്ക് നിശ്ചിത തുകയും നൽകാനാവും. പഠനത്തിനു ശേഷം സ്ഥിരം ജോലിയും. കാനഡ, യു.കെ. തുടങ്ങിയ രാജ്യങ്ങളിൽ പഠനമെന്നത് ജില്ലയിൽ പുതുതലമുറയിൽ ട്രെൻഡായി മാറി. ഭൂരിഭാഗം പേരും വിദ്യാഭ്യാസ ലോണെടുത്താണ് പോകുന്നത്.

ഇംഗ്ലീഷ് കോഴ്‌സ്.

പഠനത്തിന് ഐ.ഇ.എൽ.ടി.എസും മെഡിക്കൽ ജോലിക്കായി ഒ.ഇ.ടി സ്‌കോറുമാണ് പ്രധാനം. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യമാണ് അളക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലിക്ക് അല്ലെങ്കിൽ ഉപരിപഠനം, അതുമല്ലെങ്കിൽ സ്ഥിരം വിസ എന്നിവയ്ക്ക് വേണ്ടിയാണ് ഇരു പരീക്ഷകളുടേയും പ്രാധാന്യം.

ശ്രദ്ധിക്കാൻ.

കമ്മീഷൻ കൂടുതൽ കിട്ടുമെന്നതിനാൽ ഗ്രാമങ്ങളിലെ കോളേജുകളിൽ ചേരാൻ ഏജൻസികൾ പ്രോത്സാഹിപ്പിക്കും.എന്നാൽ അതിനുവഴങ്ങരുത്.

പാർട്ട് ടൈം ജോലി ലഭിക്കാൻ നഗരങ്ങളിലാണ് എളുപ്പം.

ഐ.ഇ.എൽ.ടി.എസ് സ്കോർ: സ്റ്റുഡന്റ് വിസ: 6.5 (ഓരോന്നിനും 6ൽ കുറയരുത്).

ഐ.ഇ.എൽ.ടി.എസ് കുറഞ്ഞ ഫീസ് മാസം: 5000രൂപ

കാനഡയിൽ കുറഞ്ഞ കോഴ്സ് ഫീ: വർഷം 12 ലക്ഷം.

പ്ലസ് ടു പാസായ ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ഉപരി പഠനം തിരഞ്ഞെടുക്കുന്ന പുതുതലമുറയുടെ എണ്ണം കൂടിയിട്ടുണ്ട്. പ്ളസ് ടുവിന് ഇംഗ്ളീഷിന് ഉയർന്ന മാർക്കുണ്ടെങ്കിൽ യു.കെയ്ക്ക് പോകാമെങ്കിലും ഐ.എൽ.ടി.എസ് നേടിപ്പോകുന്നതാണ് നല്ലത്. നഴ്സുമാർക്കും മികച്ച അവസരമാണുള്ളത്.

ഫാ.എമിൽ പുളിക്കാട്ടിൽ

ദർശന അക്കാഡമി ഡയറക്ടർ