
2022 വിടപറയാനൊരുങ്ങുമ്പോൾ ഇൗ വർഷം വായിച്ച പുസ്തകങ്ങളിൽ ഓർമ്മയിൽത്തങ്ങി
നിൽക്കുന്നവയെക്കുറിച്ച് പ്രമുഖർ
ശാസ്ത്രത്തിന്റെ
ഉദയം
സി.രാധാകൃഷ്ണൻ
പല കാരണങ്ങളാലും വായന കുറയുകയാണ്. കുറച്ചു പുസ്തകങ്ങളേ കഴിഞ്ഞ ആണ്ടിൽ വായിച്ചിട്ടുള്ളൂ. അതിൽ എടുത്തു പറയാവുന്ന ഒരു പുസ്തകം ഇതാണ്:ശാസ്ത്രത്തിന്റെ ഉദയം: താണു പത്മനാഭൻ, വസന്തി പത്മനാഭൻ. പരിഭാഷ: പി. സുരേഷ് ബാബു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.'ജിജ്ഞാസുകൾക്കായി സയൻസിന്റെ ചരിത്രത്തിലേക്ക് ഒരു തിരനോട്ടം" എന്നാണ് രചയിതാക്കൾ ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. മാതൃകാപരമായ ഒരു രചന. മൂലഗ്രന്ഥത്തിന്റെ നിർമ്മാതാക്കൾ സത്യസന്ധതയിൽ അതീവ നിഷ്കർഷ പുലർത്തിയിരിക്കുന്നു. ഭാഷ ഹൃദ്യമാക്കാനും ആശയങ്ങൾ ലളിതമാക്കാനും നന്നായി വിയർത്ത് അദ്ധ്വാനിച്ചിരിക്കുന്നു. പരിഭാഷകനോ, മൂലഗ്രന്ഥ രചയിതാക്കൾ സ്വയം ഏറ്റെടുത്ത ഭാരിച്ച ഉത്തരവാദിത്വത്തിന്റെ തീർത്തും നീതിയുക്തമായ തുടർച്ച സാധിച്ചുമിരിക്കുന്നു. മലയാള പുസ്തകങ്ങളിൽ പതിവായി കാണാറുള്ള അക്ഷര പിശാചുകളും അലങ്കോലവും ഇതിൽ കാണുന്നില്ലതാനും.
അതിജീവനത്തിന്റെ കഥ സമുദ്രശേഷം
മധുപാൽ
ലോകം ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന കാലം. മനുഷ്യൻ സകലതും തിരിച്ചറിയുകയും അത് മനസ്സിലാക്കി സഞ്ചരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്ന കാലം. ചിലപ്പോൾ ഈ പ്രപഞ്ചത്തിലെ മുഴുവൻ ജീവനും നമുക്കറിയാമെന്ന് അഹങ്കരിക്കുന്ന കാലം. സർവ്വതും ഒരിടത്തേക്ക് മാത്രമായി , അപ്പോഴൊക്കെ ഒതുങ്ങുകയാണെന്ന് മനസ്സിലാവാതെയും പോകുന്നകാലം. കഴിഞ്ഞ രണ്ട് വർഷം ഇപ്പോഴും തുടർച്ചപോലെ എന്തെന്നും ആരെന്നും അറിയാതെയുള്ള ഒരു സഞ്ചാരം. ആരും ആരെയും കാണാതെ നീല തിരശ്ശീലകളിൽ സകലതും മനസ്സിലാക്കുന്നുവെന്ന് കരുതിയായിരുന്നു ആ സഞ്ചാരം. അതിനൊപ്പം കൂടുന്ന ഒരു വായനാനുഭവമാണ് സബിൻ ഇക്ബാലിന്റെ 'ക്ലിഫ് ഹാംഗേഴ്സ് "എന്ന നോവലിന്റെ തർജ്ജമയായ 'സമുദ്രശേഷം." വർക്കലയിലെ രണ്ട് ക്ലിഫുകൾക്കിടയിൽ സ്വന്തം ഐഡന്റിറ്റി തന്നെ ആൾക്കൂട്ടത്തിൽ വേർപ്പെടുത്തുന്ന ജീവിതമായി, രക്ഷതേടിയുള്ള ഓട്ടപ്പാച്ചിലുമായി മാറുന്ന തീരദേശ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ കഥ. നിലവിൽ കണ്ടുപോകുന്ന സ്വാഭാവിക ജീവിതത്തിനപ്പുറം ഇനിയെന്തും..എന്ന ബോധവുമായി ഓരോ നിമിഷവും ഒരു പുതിയ മതിൽ കണ്ടുള്ള യാത്രയാണ് ഈ നോവൽ. സ്വന്തം നാട്ടിൽപോലും വേറിട്ട ജീവിതം അനുഭവിക്കേണ്ടി വരുന്ന വ്യക്തികൾ, ഓരോ നോട്ടത്തിലും സംശയത്തിന്റെ നിഴലുകൾ, എങ്കിലും അവരിലും സ്നേഹവും കരുണയും അറിയാതെ പോകരുതെന്ന് ദർശനമേകുന്ന കഥാപാത്രങ്ങൾ, മുസ്ലിം എന്ന സ്വത്വം ഒറ്റപ്പെടുത്തുന്നു എന്ന ഭീതി സദാ വേട്ടയാടപ്പെടുന്ന അന്തരീക്ഷം. ഈ നോവലിന്റെ ഓരോ വാചകത്തിലും ആശങ്കയുള്ള വരാനിരിക്കുന്ന ഒരു ദുരന്തത്തിന്റെ ആദി മുദ്രണം ചെയ്യുന്നു. 'ഓർക്കുക നമ്മൾ വിചിത്രമായൊരു കാലത്താണ് ജീവിക്കുന്നത്.നിങ്ങളുടെ സ്വത്വമാണ് നിങ്ങളുടെ ശത്രു ", എന്ന് പറയുന്ന കഥാപാത്രത്തിന്റെ വേവലാതി വായനയുടെ അവസാന നിമിഷം വരെ പിന്തുടരുന്നു. ഒരിക്കൽ ചാർത്തപ്പെട്ട മുദ്ര പിന്നീടൊരിക്കലും മായ്ച്ച് കളയാനാവില്ലെന്ന് നിസ്സഹായതയോടെ നാം അറിയുന്നുണ്ട്. എങ്കിലും പ്രതീക്ഷകളാണല്ലോ സകലതിനെയും നയിക്കുന്നത്. ദൂരെയേതോ ഒരിടത്ത് ഒരു തണൽ മരം ഉണ്ടെന്ന വിശ്വാസവുമായി ഈ വേനൽ താണ്ടുന്നു.കടന്നുപോകുന്ന വഴികളിലെ കാഴ്ച്ചകളിൽ തിന്മയ്ക്ക് മീതെ നന്മയ്ക്ക് നിലനിൽക്കാനുകുമെന്ന് പ്രത്യാശിക്കുന്നു. 2020 ലെ ടാറ്റാ ലിറ്റ് ലൈവ്സ് പുരസ്കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 'ദി ക്ലിഫ് ഹാങ്ങേഴ്സ് "മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ജോണി.എം.എൽ ആണ്. മാതൃഭൂമി ബുക്സാണ് പ്രസാധകർ. വെറുമൊരു വിവർത്തനമല്ലാതെ സ്വാഭാവികമായ ഭാഷയാൽ തികച്ചുമൊരു മലയാള നോവലിന്റെ വായനാനുഭവമേകുന്ന കൃതിയൊരുക്കുവാൻ ജോണിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് പുസ്തകങ്ങൾ വായിച്ചുവെങ്കിലും കാലം അടയാളപ്പെടുത്തുവാൻ സമുദ്രശേഷിക്ക് കഴിഞ്ഞുവെന്നതാണ് എന്നെ ഇതിലേക്ക് ആകർഷിച്ചത്.
(സംവിധായകനും നടനുമാണ് ലേഖകൻ)
ഒരു പുലിറ്റ്സർ പ്രൈസും
തിരുവനന്തപുരത്തിന്റെ
തിരുമുറിവുകളും
ഡോ. എം.വി. പിള്ള
2019ൽ മികച്ച സാഹിത്യകൃതിക്കുള്ള പുലിറ്റ് സർ പ്രൈസ് ആൻഡ്ര്യൂ ഷോൻ ഗ്രിയറുടെ ലെസ് എന്ന നോവലിനായിരുന്നു. അടുത്തിടെ വായിച്ച ഈ നോവലിന്റെ സാഹിത്യ മൂല്യത്തെക്കുറിച്ച് എന്തോ അത്ര മതിപ്പ് തോന്നിയില്ലെങ്കിലും നോവൽ തിരുവനന്തപുരത്തിനേൽപ്പിച്ച ആഘാതം, ചികിത്സതേടി ഇവിടെയെത്തിയ വിദേശ വനിതയെ അപായപ്പെടുത്തിയ കുറ്റവാളിക്ക് ശിക്ഷ വിധിച്ച ഈ നാളുകളിൽ പ്രത്യേക പരാമർശം അർഹിക്കുന്നു. ആധുനിക കാലത്തിന്റെ അടയാള സമസ്യകളായി അതിവേഗം കടന്നുവരുന്ന വാർദ്ധക്യത്തെക്കുറിച്ചുള്ള ആകുലത, ആത്മാവിഷ്കാരത്തിന് വഴങ്ങാത്ത സൃഷ്ടിപരത, ഒട്ടേറെ സർഗ്ഗധനരെ അലട്ടുന്ന ആത്മനിന്ദ ഇവയൊക്കെ തുളച്ചുകയറുന്ന ആക്ഷേപഹാസ്യത്തിൽ ആവാഹിച്ചെടുത്തതാണ് ഗ്രിയറുടെ ആഖ്യാനശൈലി. രണ്ട് ഡസനിലേറെ സാഹിത്യനിരൂപകർ മുക്തകണ്ഠം പ്രശംസിച്ച ഈ രചനാ വൈഭവം നർമ്മത്തിന്റെ മേഖലകളിൽ പറന്നുയരുമ്പോൾ പലപ്പോഴും മലയാളത്തിലെ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിപ്പിക്കും.
ആർതർ ലെസ്സ് എന്ന എഴുത്തുകാരന് പ്രായം അമ്പതിനോട് അടുത്തപ്പോഴാണ് ജീവിതത്തിൽ കാമ്പുള്ള ഒന്നും എഴുതാൻ കഴിയാത്തതിലുള്ള നിരാശ തോന്നിത്തുടങ്ങുന്നത്.
സ്വവർഗ്ഗാനുരാഗിയായ ലെസ്സ് അന്നോളം ജീവിതത്തിൽ നേരിട്ട പ്രണയപരാജയങ്ങളും തിരസ്കാരങ്ങളും മറ്റും മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തിയതോർത്ത് നിഷ്ക്രിയനാകാതെ പുതിയ അനുഭവങ്ങളും അനുഭൂതികളും തേടി ഒരു ലോക പര്യടനത്തിനിറങ്ങുന്നു. ന്യൂയോർക്കിൽ ആരംഭിച്ച് ജർമ്മനി, ഇറ്റലി വഴി ജപ്പാനിലൂടെ മടങ്ങി സാൻഫ്രാൻസിസ്കോ യിൽ എത്തുന്ന ലെസ്സ് ഏകാഗ്രതയ്ക്കും പ്രചോദനത്തിനും സ്വസ്ഥതയ്ക്കും ഇടത്താവളമായി തിരഞ്ഞെടുത്തത് ഇന്ത്യയായിരുന്നു. സുഹൃത്തായ കാർലോസിന് കൂടി പങ്കാളത്തമുള്ള പണിയുടമസ്ഥതയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ അറബിക്കടൽ തീരത്തെ ഒരു കൊച്ച് ഹോംസ്റ്റേ. മറ്റ് വികസിത രാജ്യങ്ങളിലൂടെയുള്ള യാത്രകൾ വർണ്ണച്ഛായത്തിൽ ചാലിച്ചെഴുതിയ ലെസ്സ് തിരുവനന്തപുരത്തെ കുഗ്രാമത്തെ കറുത്ത ചായം തേച്ച് കറുത്ത നർമ്മം സൃഷ്ടിച്ചിരിക്കുന്നു. സ്ഥലവർണ്ണനയിൽ നിന്ന് അയാൾ ചെന്നെത്തിയത് പൂവാറിനടുത്തുള്ള ഏതോ ഹോംസ്റ്റേ ആയിരുന്നെന്ന് തോന്നുന്നു. അഴുക്ക് നിറഞ്ഞ നാട്ടുവഴികളിലൂടെ അലക്ഷ്യമായി കാറോടിക്കുന്ന ഡ്രൈവർ. അടുത്തുള്ള കോൺക്രീറ്റിൽ തീർത്ത നിയോൺ വെളിച്ചത്തിൽ ഞെങ്ങി ഞെരുങ്ങി നിൽക്കുന്ന പരസ്യപ്പലകകൾ. കോഴിയിറച്ചയും സ്വർണ്ണാഭരണങ്ങളും മദ്യവും മെത്തയുംശവപ്പെട്ടിയും വരെ വിൽക്കുന്ന കടകൾ തോളോട് തോൾ നിൽക്കുന്നതും കട്ടുറുമ്പുകളും മഞ്ഞച്ചേരയും എലിയും കീരിയുമൊക്കെ ഇടകലർന്ന് കഴിയുന്നതും കഥാനായകൻ തുളച്ചുകയറുന്ന ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുന്നു.
അൽപ്പം കീറിയ നീലക്കോട്ട് തുന്നിക്കിട്ടാൻ സമീപിച്ച തയ്യൽക്കാരൻ മദ്യപിച്ച് അലസഭാവത്തിൽ ഏറ്റുവാങ്ങുന്നതും വഴിനീളെ കുരച്ചുകൊണ്ട് ചാടിവരുന്ന തെരുവുനായ്ക്കളും കൂടിയാകുമ്പോൾ ചിത്രം പൂർണ്ണമാകുന്നു.
1988 ൽ നാഷണൽ ജിയോഗ്രഫിക്കിലെ പീറ്റർ മില്ലർ എഴുതിയ 'കേരള ദ ജുവൽ ഒഫ് ഇന്ത്യാസ് മലബാർ കോസ്റ്റ് " കേരളത്തിന് നേടിത്തന്ന ആഗോള പ്രശസ്തിയെ ത്തുടർന്നാവണം പിൽക്കാലത്ത് നാഷണൽ ജിയോഗ്രഫിക്ക് ഈ ഭൂമിയിൽ എല്ലാ മനുഷ്യരും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട 10 പറുദീസകളിൽ ഒന്നാണ് കേരളമെന്ന് 1999 ൽ പ്രഖ്യാപിച്ചത്. ഇന്നിപ്പോൾ പുലിറ്റ് സർ പ്രൈസ് നേടിയ നോവലിലൂടെ ഈ പദവിക്ക് മങ്ങലേറ്റിട്ടുണ്ടോയെന്ന് സംശയം .'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം" എന്നുദ്ധരിച്ച് ഗ്രന്ഥകാരനെ വിമർശിക്കാമെങ്കിലും അടിമുടി ആക്ഷേപഹാസ്യം തുളുമ്പി നിൽക്കുന്ന 'ലെസ്സ് " ഉറങ്ങിക്കിടക്കുന്ന നമുക്കൊരു ഉണർത്തുപാട്ടിന്റെ ഗുണമെങ്കിലും ചെയ്യണം.
(ആഗോള പ്രശസ്തനായ ഒാങ്കോളജിസ്റ്റാണ് ലേഖകൻ)
അമർത്യ സെന്നിന്റെ
അനുഭവങ്ങൾ
എ.ഹേമചന്ദ്രൻ
അമർത്യ സെൻ രചനകൾ എനിക്കിഷ്ടമാണ്. അതറിയാവുന്നതിനാലാകാം 'ഹോം ഇൻ ദി വേൾഡ് എ മെമൊയിർ" എന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യ 30 വർഷങ്ങളുടെ ഓർമകൾ പങ്കുവയ്ക്കുന്ന ഈ പുസ്തകം എന്റെ മകൻ എനിക്ക് സമ്മാനിച്ചത്. വായനാനുഭവത്തെ ആമുഖത്തിലെ ഒരു വാചകത്തിൽ സംഗ്രഹിയ്ക്കാം. Being in reflective human company can be an enormously constructive experience (ചിന്തിക്കുന്ന മനുഷ്യരുമായി ഒത്തുകൂടുന്നത് അങ്ങേയറ്റം സൃഷ്ടിപരമായ അനുഭവമാണ്). കുട്ടിക്കാലം മുതലുള്ള അനുഭവങ്ങൾ വിവരിക്കുമ്പോൾ അതിന്റെ പശ്ചാത്തലത്തിൽ ഗഹനമായ ആശയങ്ങൾ ലളിതമായ ഭാഷയിൽ അദ്ദേഹം പങ്കുവയ്ക്കുന്നു. ശാന്തിനികേതൻ, ധാക്ക, ബർമ്മ എന്നിവിടങ്ങളിലെ ശൈശവകാല അനുഭവങ്ങളുമായി വന്ന് കൽക്കത്തയിൽ ആരംഭിക്കുന്ന കോളെജ് വിദ്യാഭ്യാസം, അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും വിശ്വോത്തര സർവ്വകലാശാലകളിലൂടെ വളർന്ന് വികസിക്കുകയാണ്. സമർപ്പിതമായ ബൗദ്ധിക ജീവിതത്തിലൂടെ ആ വ്യക്തിത്വം അനുസ്യൂതം വികസിക്കുമ്പോഴും കുട്ടിക്കാലത്ത് കണ്ടും കേട്ടും ഉള്ളിൽ തട്ടിയ ചില മാനുഷിക ദുരന്തങ്ങൾ ആ മനസ്സിൽ സജീവമാണ്. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങൾ അപഹരിച്ച ബംഗാൾ ക്ഷാമത്തിന്റെയും മതത്തിന്റെ പേരിൽ മനുഷ്യൻ പരസ്പരം കൊന്നൊടുക്കിയ വർഗീയ ലഹളയുടേയും ചില ദുരന്തക്കാഴ്ച്ചകൾ കാണുമ്പോൾ അമർത്യ സെന്നിന് പത്തുവയസ്സാണ്. ആ വിവരണങ്ങൾ ഹൃദയസ്പർശിയാണ്. അങ്ങനെ ആർജ്ജിച്ച മനുഷ്യത്വമെന്ന ഗുണമാണ് ആ ബൗദ്ധിക ജീവിതത്തിന് ദിശാബോധം നൽകുന്നതും അത് പ്രകാശമാനമാക്കുന്നതും. അറിവും കൗതുകവും ഊറിച്ചിരിക്കുവാനുള്ള വകയും നൽകുന്ന ധാരളം സംഭവ വിവരണങ്ങളും ഇതിലുണ്ട്. സർവ്വകലാശാല, ചാൻസിലർ, വൈസ് ചാൻസിലർ, പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നൊക്കെ എല്ലാ ദിവസവും കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഞാൻ ഈ പ്രൊഫസറുടെ പുസ്തകം വായിച്ചത് എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ....
(മുൻ ഡി.ജി.പിയാണ് ലേഖകൻ)
സ്വാതന്ത്ര്യത്തെ കണ്ടു ,
പേടിച്ചു വീഴുമ്പോൾ
യമ
വായിക്കാൻ സമയം കണ്ടെത്താനാകാത്ത ഒരു സമയം ഇതുപോലെ മുൻപൊരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പുസ്തകത്തിലെ വരികളെയും കടന്ന് പഴയ ഓർമ്മകളിലേക്കും ഇനിയും പിറക്കാത്ത ഭൂതകാലത്തിലേക്കും മനസ് പറക്കുന്നതുകൊണ്ട് കഴിഞ്ഞവർഷം വായിച്ച ഫിക്ഷൻ പുസ്തകങ്ങളിൽ ഒട്ടുമുക്കാലും പൂർത്തിയാക്കാനാവാതെ മടക്കിവച്ചു. ഇതിനിടെയാണ്. 'സെക്കൻഡ്ഹാൻഡ് ടൈം - ദി ലാസ്റ്റ് ഓഫ് ദി സോവ്യറ്റ്സ്" എന്ന സ്വേറ്റ്ലാന അലെക്സിയേവിച്ചിന്റെ പുസ്തകം കയ്യിലെടുത്തത്. ചരിത്രം എഴുതപ്പെടുന്നതും വായിക്കപ്പെടുന്നതും പൊതുവെ പുരുഷന്മാരുടെ ഭാഷയിലാണ്. അങ്ങനെ ഒരു ഭാഷയില്ല എന്ന് പറയുന്നവരോട് ഈ പുസ്തകം വായിക്കണം എന്ന് ഞാൻ ആവശ്യപ്പെടും.
ഒരു രാഷ്ട്രത്തിന്റെയോ ദേശത്തിന്റെയോ ജയം, പരാജയം, ഗരിമ, ലാഭനഷ്ടക്കണക്കുകൾ, മാനാപമാനകണക്കുകൾ എല്ലാം തന്നെ എഴുതപ്പെടുന്നത് പുരുഷന്റെ തത്വഭാഷയിലാണ്. ഒരു സ്ത്രീ അതിന്റെ കണക്കെടുപ്പ് നടത്തിയാൽ റൈഫിളിൽ വയലറ്റ് പൂക്കൾ തിരുകി യുദ്ധമുന്നണിയിലേക്കു പോകുന്നൊരു പതിനാറുകാരി, നീലാകാശം നോക്കിനിൽക്കുന്ന ഒരോർമ്മ എവിടെയെങ്കിലും എഴുതിക്കണ്ടേക്കും. സോവിയറ്റ് യൂണിയന്റെയും അതിനോടൊപ്പം കമ്മ്യൂണിസത്തിന്റെ തകർച്ചയും അതിനുശേഷമുള്ള മുപ്പതുവർഷത്തെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയജീവിതവും വായ്മൊഴി വിവരശേഖരത്തിലൂടെ വീണ്ടെടുത്ത് എഴുതപ്പെട്ട പുസ്തകമാണ് അത്. സാധാരണമനുഷ്യർ ഒരു മഹത്തായ രാഷ്ട്രത്തെ ഓർത്തെടുക്കുകയാണ്. മഹത്തായ രാഷ്ട്രത്തേക്കാൾ സാധാരണക്കാരുടെ സാധാരണത്വത്തെ താൻ ചേർത്തുപിടിക്കുന്നുവെന്ന് എഴുത്തുകാരി രേഖപ്പെടുത്തുന്നു. ആ സാധാരണക്കാരാണ് സോവിയറ്റ്റഷ്യയിൽ നിരന്തരം യുദ്ധമുഖത്ത് പൊയ്ക്കൊണ്ടിരുന്നത്, അവരാണ് പരമ്പരകളായി തങ്ങളുടെ ഉറ്റവരെ യുദ്ധത്തിൽ മരിക്കാൻ അഭിമാനത്തോടെ പറഞ്ഞുവിട്ടിരുന്നത്, അവർ തന്നെയാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് വേണ്ടി രാവന്തി ഫാക്ടറികളിൽ ജോലിയെടുത്ത് നരകിച്ചത്, രണ്ടാം ലോകയുദ്ധത്തിൽ പതിനാറുതികയാത്ത പെൺകുട്ടികളെ സ്നൈപ്പറുകളായി പറഞ്ഞുവിട്ടവരും അവർ തന്നെ, അവർ തന്നെയാണ് രാജ്യസ്നേഹം തെളിയിക്കാൻ കഴിയാതെ സ്റ്റാലിന്റെ ലേബർ ക്യാമ്പുകളിൽ നരകിച്ച് മരിച്ചത് എന്നിട്ടും പേർത്തും പേർത്തും തങ്ങൾ ആ മഹത്തായ രാഷ്ട്രത്തെ സ്നേഹിക്കുന്നു എന്ന് തന്നെ അവർ കരുതി. കഴിക്കാൻ ആവശ്യത്തിന് ബ്രെഡ് പോലും കൊടുക്കാതിരുന്ന ലേബർ ക്യാമ്പിലാണ് താൻ ഏറ്റവും മഹത്തായ മനുഷ്യരെ പരിചയപ്പെട്ടത് എന്ന് സ്റ്റാലിൻ ഭരണകൂടം ശിക്ഷിച്ച ഒരു സൈനികൻ പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. കവികളും എഴുത്തുകാരും കലാകാരും തീക്ഷ്ണബുദ്ധിയുള്ളവരുമെല്ലാം ലേബർക്യാമ്പുകളിലെ സ്ഥിരം അന്തേവാസികളായിരുന്നു. ഒട്ടുമിക്കവരുടെയും ജീവിതം അവിടെത്തന്നെ ഒടുങ്ങി.പുസ്തകത്തിൽ സംസാരിക്കുന്ന മനുഷ്യർ തങ്ങളുടെ വാർദ്ധക്യത്തിൽപോലും കൊച്ചുമക്കളോട് തങ്ങളുടെ ജീവിതം തുറക്കുന്നില്ല. നല്ലതായാലും ചീത്തയായാലും തങ്ങളുടെ സോവിയറ്റ് ജീവിതം തങ്ങളോട്കൂടി കുഴിയിൽ പോകട്ടെ എന്നാണ് അവർ ആശിക്കുന്നത്.
താനൊരു കഠിനഹൃദയ യായ ജേണലിസ്റ്റ് ആണ് എന്നാണ് എഴുത്തുകാരി പുസ്തകത്തിൽ പറയുന്നത്. അവരുടെ പുസ്തകത്തിലൂടെ സംസാരിക്കുന്ന മനുഷ്യരെ മൂല്യങ്ങളുടെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ വിധിക്കാൻ അവർ തയ്യാറാവുന്നില്ല. ഔദ്യോഗികരേഖകളിൽ തഴയപ്പെട്ടതോ മനഃപൂർവം വിട്ടുകളഞ്ഞതോ ആയ വിശദാംശങ്ങളിലാണ് സാധാരണമനുഷ്യരുടെ ജീവിതം കിടക്കുന്നതെന്ന് ഈ വായ്മൊഴി ചരിത്രം രേഖപ്പെടുത്തുന്നു. ആദർശത്തിനുവേണ്ടി മാത്രം ജീവിച്ചു മരിക്കാൻ പരിശീലിക്കപ്പെട്ടൊരു ജനത അവസാനം സ്വാതന്ത്ര്യത്തെ കണ്ടുപേടിച്ചു വീഴുകയാണ്. സോവിയറ്റ് റൊമാന്റിസിസം സ്റ്റോക്ക്ഹോം സിൻഡ്രോം ആണെന്ന് തിരിച്ചറിയുന്ന ചിലർ സ്വന്തം ഹൃദയശുദ്ധിയെപ്പോലും സംശയിക്കാൻ തുടങ്ങുന്നു. സ്റ്റാലിന്റെ ലേബർ ക്യാമ്പുകളെപ്പോലും അതിജീവിച്ച മനുഷ്യർ ഒരു സുപ്രഭാതത്തിൽ ആത്മഹത്യ ചെയ്യുന്നു. അവസാനനിമിഷം വരെ വിപ്ലവം വരുമെന്ന് കരുതിയ അവർ ഗോർബച്ചേവ് തങ്ങളെ ചതിച്ചെന്ന് വിളിച്ചുപറഞ്ഞു. എൺപതുകളിൽ ഗോർബച്ചേവ് കൊണ്ടുവന്ന പെരിസ്ട്രോയ്ക്ക എന്ന പാർട്ടിനവീകരണ പദ്ധതി സ്റ്റാലിന്റെ കാലത്തെ ക്ളാസിഫൈഡ് ഫയലുകൾ പരസ്യപ്പെടുത്തിയതിനെക്കുറിച്ച് ഒരു സംഭവം പുസ്തകത്തിലുണ്ട്. ഏകമകളെ വളർത്താൻ ഏല്പിച്ചുപോയ സുഹൃത്താണ് തന്നെ ഒറ്റിയത് എന്നറിഞ്ഞ് ലേബർക്യാമ്പിൽ നിന്നും മോചിപ്പിക്കപ്പെട്ട ഒരമ്മ ആത്മഹത്യ ചെയ്ത വിവരണം. മൂന്നുതലമുറകളായി യുദ്ധത്തിൽ ജനിച്ചു ജീവിച്ച് മരിച്ചൊരു ജനതയുടെ സമകാലിക അവസ്ഥയും നമ്മളിപ്പോൾ കാണുകയാണ്. ഒരുപക്ഷെ നമ്മൾ കാണുന്ന റഷ്യയോ ഉക്രൈയിനോ ആയിരിക്കില്ല അവിടത്തെ ജനത. ആ മനുഷ്യരുടെ അവസ്ഥ അറിയാൻ ഇനിയും ഇങ്ങനെ ഒരു പുസ്തകം വേണ്ടി വരും. ഒരു സ്ത്രീ എഴുതിയത്.
(പ്രമുഖ എഴുത്തുകാരിയും അഭിനേത്രിയുമാണ് ലേഖിക)
മനുഷ്യനായ
സന്യാസി
സുരേഷ് കുറുപ്പ്
ഈ വർഷം വായിച്ച പുസ്തകങ്ങളിൽ ഏറ്റവും വിസ്മയിപ്പിച്ച പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റായ ശങ്കർ എഴുതിയ (സീമാബദ്ധ എഴുതിയ ശങ്കർ തന്നെ) സ്വാമി വവേകാനന്ദനെ കുറിച്ചുള്ളThe Monk As a Man എന്ന പുസ്തകമാണ്. പുസ്തകം ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും, വിവേകാനന്ദസ്വാമികളെക്കുറിച്ച് ഒട്ടനവധി പുസ്തകങ്ങളുണ്ടെങ്കിലും, ഈ പുസ്തകം വേറിട്ടു നിൽക്കുന്നത് സ്വാമിയിയിലെ പച്ച മനുഷ്യനെ വരച്ചു കാണിക്കുന്നതിലൂടെയാണ്. കൽകത്തയിലെ സമ്പന്നനായ ഒരു അഭിഭാഷകന്റെ മകനായി പിറന്ന നരേന്ദ്രന്റെ ജീവിതം ദാരിദ്ര്യത്തിലേക്ക് വീണത് പിതാവിന്റെ അകാലമരണത്തോടെയാണ്. താമസിച്ചിരുന്ന വീട് സ്വന്തമാക്കാൻ അടുത്ത ബന്ധുക്കൾ വ്യവഹാരം ആരംഭിച്ചു. മൂത്ത മകൻ സന്യാസം സ്വീകരിച്ചതോടെ കുടുംബത്തിൽ അനാഥത്വമായി. സുന്ദരിയും തന്റേടിയുമായ അമ്മ ഭുവനേശ്വരി ദാസി എല്ലാ ക്ലേശങ്ങളും സഹിച്ച് കുടുംബം പുലർത്താനും കേസു നടത്താനും തയ്യാറാകുന്നു. ആ അമ്മയ്ക്ക് എല്ലാ പിന്തുണയും നൽകുന്നതാകട്ടെ ലോകത്തിന്റെ മുമ്പിൽ ഇന്ത്യൻ അദ്ധ്യാത്മികതയുടെ പ്രതീകമായി നിൽക്കുന്ന വിവേകാനന്ദ സ്വാമിയാണ്. കേസു നടത്തുന്നതും അതിനു വേണ്ടി ധനം സ്വരൂപിക്കുന്നതും എല്ലാം അദ്ദേഹമാണ്. നമ്മുടെ പല പ്രശസ്തരായ ആദ്ധ്യാത്മിക ആചാര്യന്മാരേയും പോലെ അദ്ദേഹം അമ്മയെ അവഗണിച്ചില്ല മരിക്കുന്നതുവരെ അമ്മയെ നോക്കി. തന്റെ ഏറ്റവും വലിയ സുഹൃത്ത് ഖേത്രി മഹാരാജാവിനോട് പറഞ്ഞ് അമ്മയ്ക്ക് പൈസ എത്തിച്ചു കൊടുത്തു. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇന്ത്യയിലെ പ്രധാനപ്പെട്ട തീത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുക എന്നത്. അതിനായി അമ്മയുടെ കൂടെ സഞ്ചരിച്ചു. രണ്ടു കാര്യങ്ങളിൽ മാത്രമേ അദ്ദേഹത്തിനു നിർബദ്ധം ഉണ്ടായിരുന്നുള്ളു.1. ദാരിദ്ര്യം. ധനം സമ്പാദനം ഇല്ല.2 .. ബ്രഹ്മചര്യം. ഈ രണ്ടു കാര്യത്തിലും ഒരു വീട്ടു വീഴ്ചക്കും തയ്യാറായില്ല. മറ്റെല്ലാ കാര്യത്തിലും മറ്റെല്ലാ സന്യാസിമാരിൽ നിന്നും വ്യത്യസ്തൻ. മാംസം ഭക്ഷിച്ചിരുന്നു. മറ്റ് ഏത്ബംഗാളിയെയും പോലെ മത്സ്യം വലിയ ഇഷ്ടമായിരുന്നു. പുക വലിച്ചിരുന്നു. മധുരം വലിയ ഇഷ്ടമായിരുന്നു. പാചകത്തിൽ നൈപുണ്യം ഉണ്ടായിരുന്നു. പാചകം ചെയ്യുന്നത് ഇഷ്ടമായിരുന്നു. വിദേശത്തു തന്റെ ശിഷ്യകളുടെ വീട്ടിൽ താമസിച്ചു. ചെന്നിടത്തെല്ലാം അവരുടെ സ്റ്റേഹവും വിശ്വാസവും ആദരവും ഏറ്റുവാങ്ങി. അങ്ങനെ ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തനായ സന്യാസ വര്യനായിരുന്നു സ്വാമി വിവേകാനന്ദൻ എന്നു ശങ്കർ നമ്മെ മനസ്സിലാക്കുന്നു. വിപുലമായ ഗവേഷണത്തിനു ശേഷം രേഖകളുടെ പിൻബലത്തോടെ ഏറ്റവും ആസ്വാദ്യകരമായിട്ടാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
Monk as Man Unknown life of swamy vivekananda സന്യാസിയിലെ മനുഷ്യൻ... സ്വാമി വവേകാനന്ദന്റെ അറിയപ്പെടാത്ത ജീവിതം
(പ്രസാധകർ : പെൻഗ്വിൻ)( മുൻ എം.പിയും മുൻ എം.എൽ.എയുമാണ് ലേഖകൻ)