landslide-a

ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിന് സമീപം ടൂറിസ്‌റ്റ് ക്യാമ്പിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 90 ലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നതായാണ് ഏറ്റവും പുതിയ വിവരം.ഇതുവരെ 53 പേരെ രക്ഷിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇനിയും നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുള‌ളതായി മലേഷ്യൻ ദേശീയ ദുരന്തമാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. ഫാം ഹൗസിന് സമീപം ജെന്റിംഗ് ഹൈലാൻഡ്‌സ് എന്ന സ്ഥലത്തെ ഏകദേശം 30 മീറ്റർ(100 അടി) ഉയരമുള‌ള മലയാണ് ഇടിഞ്ഞുവീണത്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മഴയോ, ഭൂമികുലുക്കമോ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നിട്ടും ഇത്ര ശക്തമായ മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളായവരെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്നാൽ മുൻപും മണ്ണിടിച്ചിൽ പ്രശ്‌നമുണ്ടായ പ്രദേശമാണിവിടം. വനഭൂമി കൈയേറ്റമാണ് ഈ പ്രശ്‌നങ്ങളിലേക്ക് വഴിവച്ചതെന്നാണ് ഒരുവിഭാഗം നൽകുന്ന സൂചന.