
ഒരു മാസത്തോളമായി ഖത്തറിലെ എട്ടുവേദികളിലായി അരങ്ങേറിയ ലോക ഫുട്ബാൾ മഹാമഹത്തിന് അർജന്റീനയുടെ കിരീടധാരണത്തോടെ കൊടിയിറങ്ങിയിരിക്കുന്നു. ലോക ഫുട്ബാളിലെ ഇതിഹാസതാരം ഡീഗോ മറഡോണ 36 കൊല്ലം മുമ്പ് മെക്സിക്കോയിലെ ആസ്ടെക് സ്റ്റേഡിയത്തിൽ ലോകകപ്പ് ഉയർത്തിയ ശേഷമുള്ള അർജന്റീനയുടെ ആദ്യ കിരീടമാണിത്.
ഡീഗോയുടെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന ലയണൽ മെസി തന്റെ അഞ്ചാം പരിശ്രമത്തിൽ ആദ്യ ലോകകപ്പിൽ മുത്തമിട്ടപ്പോൾ അത് കാലത്തിന്റെ കാവ്യനീതിയും മറഡോണയ്ക്കുള്ള സമർപ്പണവും കൂടിയായി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിൻ ടെൻഡുൽക്കർക്ക് ലോകകപ്പ് സ്വന്തമാക്കാൻ ആറുവട്ടം പരിശ്രമിക്കേണ്ടിവന്നിരുന്നു.കളിക്കളത്തിൽ സച്ചിനെപ്പോലെ സൗമ്യനും ആരാധകർക്ക് ദൈവതുല്യനുമായ മെസിയും ലക്ഷ്യത്തിനുവേണ്ടിയുള്ള നിരന്തരപരിശ്രമത്തിനൊടുവിൽ വിജയം കണ്ടിരിക്കുന്നു.
എട്ടുവർഷം മുമ്പ് ബ്രസീലിലെ മറക്കാന സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ജർമ്മനിയോട് തോറ്റ് കണ്ണീരോടെ മടങ്ങേണ്ടിവന്ന മെസിയുടെ കരിയറിലെ ഏറ്റവും മഹനീയമായ മുഹൂർത്തമാണ് ലുസൈലിൽ പിറന്നത്. 2014 ലോകകപ്പ് ഫൈനൽ,2015,16 വർഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനൽ എന്നിവയിൽ മെസി നയിച്ച അർജന്റീന ഇടറി വീണപ്പോൾ രാജ്യത്തിന് വേണ്ടി കിരീടങ്ങൾ നേടാൻ കഴിയാത്ത ക്ളബ് ഫുട്ബാൾ രാജാവ് മാത്രമാണ് മെസിയെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീനയുടെ കുപ്പായത്തിൽ മെസി ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കി.അതിന്റെ തുടർച്ചയെന്നോണം ഈ ലോകകപ്പിലും ചാമ്പ്യന്മാരായിരിക്കുന്നു.
ഖത്തറിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയിൽ നിന്ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയാണ് അർജന്റീന തുടങ്ങിയത്. മെസിയുടെ കിരീടധാരണത്തിനായി കാത്തിരുന്നവരുടെ നെഞ്ചത്ത് കനൽ കോരിയിട്ടുകൊണ്ടാണ് ലുസൈൽ സ്റ്റേഡിയത്തിൽതന്നെ നടന്ന ആദ്യ മത്സരത്തിൽ സൗദി 2-1ന് വിജയിച്ചുകയറിയത്. ആ ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയേപ്പോലെ പറന്നുയർന്നാണ് മെസിയും സംഘവും ഫൈനലിലേക്കെത്തിയത്. ഈ കുതിപ്പിൽ മെക്സിക്കോയേയും പോളണ്ടിനെയും ഗ്രൂപ്പ് റൗണ്ടിൽ മറികടന്നു. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയ വെല്ലുവിളി ആയതേയില്ല. കയ്യാങ്കളിയിലേക്കു നീളുമെന്ന് തോന്നിപ്പിച്ച ക്വാർട്ടറിൽ രണ്ട് തവണ മുന്നിലെത്തിയിട്ടും ഒപ്പം പിടിച്ച ഹോളണ്ടിനെ ഒടുവിൽ ഷൂട്ടൗട്ടിൽ കീഴടക്കി. ഈ ലോകകപ്പിലെ അർജന്റീനയുടെ ഏറ്റവും മികച്ച പ്രകടനം ഒരു പക്ഷേ ക്രൊയേഷ്യയ്ക്ക് എതിരെയാണ് കണ്ടത്. അതേവരെ എതിരാളികൾക്ക് മുന്നിൽ ഉരുക്കുകോട്ടയായിരുന്ന ക്രൊയേഷ്യയുടെ പ്രതിരോധത്തെ തച്ചുതരിപ്പണമാക്കി മൂന്നുഗോളുകൾ നേടി മെസിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഒരു ഗോളടിച്ചും ഒരു ഗോളിന് മധുരമനോഞ്ജമായ പാസ് നൽകിയും മെസി ഈ വിജയത്തിന് ചുക്കാൻ പിടിച്ചു.
നാലുവർഷം മുമ്പ് റഷ്യയിൽ നടന്ന ലോകകപ്പിൽ കിരീടം ചൂടിയ ഫ്രാൻസിനെയാണ് ഇക്കുറി മെസിയും സംഘവും ഫൈനലിൽ കീഴടക്കിയത്. 1962ൽ ബ്രസീലിന് ശേഷം ലോകകപ്പ് നിലനിറുത്തുന്ന ടീമായി മാറാൻ ലക്ഷ്യമിട്ടാണ് ഫ്രാൻസ് ഫൈനലിന് ഇറങ്ങിയതെങ്കിലും ചരിത്രം ആവർത്തിക്കാനായില്ല. പക്ഷേ ചാമ്പ്യന്മാരായി വന്ന് ഗ്രൂപ്പ് റൗണ്ടിൽതന്നെ പുറത്താവുന്ന ലോകകപ്പിലെ പതിവിന് വിരുദ്ധമായി ഫൈനൽവരെയെത്തിയ ഫ്രാൻസ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
അർജന്റീനയുടെയും ഫ്രാൻസിന്റെയും മാത്രമല്ല യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും മികച്ച ടീമുകളുടെ പ്രകടനം ലോകകപ്പിൽ കണ്ടു. ആരുമല്ലാതെവന്ന് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി ചരിത്രം കുറിച്ച മൊറോക്കോയുടെ പ്രകടനം തന്നെയാണ് അതിൽ ഏറ്റവും ശ്രദ്ധേയം. വാലിദ് റെഗ്രാഗുയി എന്ന ചെറുപ്പക്കാരൻ പരിശീലകന്റെ ചിറകിലേറിവന്ന യൂറോപ്യൻ കേളീ പരിചയമുള്ള കളിക്കാരുടെ ടീമായ മൊറോക്കോയ്ക്ക് മുന്നിൽ ബെൽജിയം,സ്പെയ്ൻ,പോർച്ചുഗൽ തുടങ്ങിയ വമ്പൻ ടീമുകളാണ് മുട്ടിടിച്ചുവീണത്.മത്സരശേഷം അമ്മയ്ക്ക് മുത്തം നൽകുന്ന അഷ്റഫ് ഹക്കീമിയും അമ്മയോടൊപ്പം നൃത്തം ചെയ്ത ബൗഫലുമാെക്കെ മൊറോക്കൻ നിരയിൽ നിന്ന് മാതൃസ്നേഹത്തിന്റെ സന്ദേശവും പകർന്നു. സെമിയിൽ മൊറോക്കോയെ കീഴടക്കിയ ശേഷം തന്റെ ക്ളബിലെ സഹതാരമായ ഹക്കീമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് കൈമാറിക്കിട്ടിയ അദ്ദേഹത്തിന്റെ ജഴ്സി ധരിച്ച് സ്വന്തം ടീമിനൊപ്പം വിജയമാഘോഷിക്കാൻ പോയ കിലിയൻ എംബാപ്പെയും കളിക്കളത്തിനപ്പുറത്തേക്ക് മനുഷ്യത്വത്തിന്റെ ഗോളുകൾ സ്കോറുചെയ്തു.
സെമിയിലെത്താൻ കഴിയാതെ പോയെങ്കിലും മികച്ച ടീമുകളായിരുന്നു ഇംഗ്ളണ്ടും ബ്രസീലും. യുവനിരയുമായി വന്ന ഇംഗ്ളണ്ടിന് ഇക്കുറി കപ്പുയർത്താൻ നല്ല സാദ്ധ്യതയുണ്ടായിരുന്നു.എന്നാൽ ക്വാർട്ടറിൽ ഫ്രാൻസിനെ എതിരിടേണ്ടിവന്നത് അവരുടെ സ്വപ്നങ്ങൾ തകർത്തു. ഫ്രാൻസ് 2-1ന് മുന്നിൽ നിന്നപ്പോൾ കിട്ടിയ പെനാൽറ്റി പാഴാക്കിയ നായകൻ ഹാരി കേൻ ഇംഗ്ളണ്ടിന്റെ ദുരന്തനായകനായി മാറി.ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയോടാണ് കീഴടങ്ങിയത്. അധികസമയത്തേക്ക് നീണ്ട കളിയിൽ നെയ്മറുടെ അതിമനോഹരമായ ഒരു ഗോളിൽ ബ്രസീൽ മുന്നിലെത്തിയിരുന്നതാണ്. എന്നാൽ അധികസമയം അവസാനിക്കുന്നതിന് മുമ്പ് ബ്രൂണോ പെറ്റ്കോവിച്ച് നേടിയ ഗോൾ ഷൂട്ടൗട്ടിന്റെ വാതിൽ തുറന്നു. അവിടെ ലിവാകോവിച്ച് എന്ന ഗോളി തന്റെ തുടർച്ചയായ രണ്ടാം ഷൂട്ടൗട്ട് പരീക്ഷണത്തിലും വിജയിച്ച് ഹീറോയായി. ആശുപത്രിക്കിടക്കയിലായ പെലെയ്ക്ക് വേണ്ടി ലോകകപ്പ് നേടണമെന്ന ബ്രസീലിന്റെ മോഹമാണ് അവിടെ തകർന്നുടഞ്ഞത്. എങ്കിലും സാംബാ താളത്തിന്റെ അകമ്പടിയോടെ ചില മനോഹരഫുട്ബാൾ ദൃശ്യങ്ങൾ ചമയ്ക്കാൻ ബ്രസീലിന് കഴിഞ്ഞു.
ആഫ്രിക്കയ്ക്ക് മാത്രമല്ല,ഏഷ്യയ്ക്കും ഈ ലോകകപ്പ് സുവർണമുഹൂർത്തങ്ങൾ സമ്മാനിച്ചു.രണ്ട് ഏഷ്യൻ ടീമുകൾ -ജപ്പാനും ദക്ഷിണ കൊറിയയും-പ്രീ ക്വാർട്ടറിലെത്തി. ജർമ്മനിയെയും സ്പെയ്നെയും അട്ടിമറിച്ചായിരുന്നു ജപ്പാന്റെ യാത്ര. ദക്ഷിണകൊറിയ പോർച്ചുഗലിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്നശേഷം അവിസ്മരണീയ വിജയം നേടി. സൗദി അർജന്റീനയെയും ഇറാൻ വെയിൽസിനെയും അട്ടിമറിച്ച് ചരിത്രം രചിച്ചു. ആഫ്രിക്കയിലെ അട്ടിമറിക്കാരിൽ ഫ്രാൻസിനെ ഞെട്ടിച്ച ടുണീഷ്യയും ബ്രസീലിനെ മറിച്ച കാമറൂണും സ്വിറ്റ്സർലാൻഡിനെ വീഴ്ത്തിയ ഘാനയും ഉൾപ്പെടുന്നു.
ഈ ലോകകപ്പിലെ ഏറ്റവും വേദനയും വിവാദവുമായി മാറിയത് സൈഡ് ബഞ്ചിലേക്ക് മാറ്റപ്പെട്ട പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. രാജ്യത്തിനായി എന്നും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുള്ള ക്രിസ്റ്റ്യാനോയെ പകരക്കാരനായി ഇറക്കാനുള്ള കോച്ച് സാന്റോസിന്റെ തന്ത്രം പക്ഷേ വൈകാരികമായ തിരിച്ചടി സമ്മാനിച്ചു.
ഒരു മത്സരം പോലെ ജയിക്കാത്ത ആദ്യ ആതിഥേരാകേണ്ടിവന്നെങ്കിലും സംഘാടനത്തെക്കുറിച്ച് ടൂർണമെന്റിന് മുമ്പ് നിരന്തരം എതിർപ്പുകൾ ഉയർത്തിയ യൂറോപ്യൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അതിഗംഭീരമായി ലോകകപ്പ് നടത്തിയ ഖത്തർ കയ്യടി അർഹിക്കുന്നു. തങ്ങളുടെ ധാർമികമൂല്യങ്ങളിൽ വെള്ളം ചേർക്കാതിരിക്കുകയും എന്നാൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങൾക്ക് ഹാനി വരുത്താതിരിക്കുകയുമെന്ന അതിസൂക്ഷ്മ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കിയ ഖത്തറിനും ഈ ലോകകപ്പിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും ഈ ഉത്സവകാലം ആഘോഷമാക്കിയ കാൽപ്പന്തുകളിയുടെ കാമുകർക്കും അഭിനന്ദനങ്ങൾ.