
ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) വിഭാഗത്തിൽ രാജ്യത്ത് മുൻനിരയിലുള്ള അദാനിയെ നേരിടാൻ ഒരുങ്ങി അംബാനിയുടെ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായി ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡ് നെയിമിൽ അദാനി വിൽമർ ലിമിറ്റഡിന്റെ ഹോം ടർഫായ ഗുജറാത്തിൽ പ്രവേശിച്ചിരിക്കുകയാണ് അംബാനി. സംസ്‌കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, പരിപ്പ്, ബിസ്‌ക്കറ്റ്, സൂര്യകാന്തി, നിലക്കടല എണ്ണ, ഗോതമ്പ് മാവ്, കുപ്പിവെള്ളം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വലിയ നിരയാണ് ഇൻഡിപെൻഡൻസ് എന്ന പേരിൽ വിപണിയിലേക്ക് എത്തുന്നത്.
എഫ്എംസിജി വിഭാഗത്തിൽ അദാനിയുടെ വിൽമറിന് പുറമേ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്, പതഞ്ജലി ഫുഡ്സ്, ഐടിസി ലിമിറ്റഡ് എന്നിവയാണ് ഈ മേഖലയിലെ പ്രമുഖ ബ്രാൻഡുകൾ. വ്യവസായ ലോകത്തെ വമ്പൻമാരായ റിലയൻസിന്റെ നീക്കം അദാനിക്കും പതഞ്ജലിക്കും ടാറ്റയ്ക്കും വലിയ വെല്ലുവിളി ഉയർത്തുമെന്ന് കരുതുന്നു. വൻ ഓഫറുമായി കളം നിറയാനായിരിക്കും റിലയൻസ് പദ്ധതിയിടുന്നത്. അല്ലെങ്കിൽ മാർക്കറ്റിൽ ഇടം നേടാൻ വളരെയധികം സമയം കമ്പനിക്ക് വേണ്ടി വന്നേക്കാം. നിലവിലുള്ള ബ്രാൻഡുകൾ ജനമനസുകളിൽ ആഴത്തിൽ വേരൂന്നിയതാണ് കാരണം. എഫ്എംസിജി വിഭാഗത്തിലേക്ക് റിലയൻസ് ശ്രദ്ധ ചെലുത്തുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.ശീതളപാനീയ ബ്രാൻഡായ കാമ്പയെ ഏറ്റെടുത്തതോടെയാണ് ഈ അഭ്യൂഹം പരന്നത്.
ഭക്ഷ്യ എണ്ണകൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പാക്ക്ചെയ്ത ഭക്ഷണങ്ങൾ, മറ്റ് ദൈനംദിന അവശ്യ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള എഫ്എംസിജി ബ്രാൻഡായ ഇൻഡിപെൻഡൻസ് കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു.
വരും മാസങ്ങളിൽ ഗുജറാത്തിലുടനീളമുള്ള എഫ്എംസിജി റീട്ടെയിലർമാരെ ഉൾപ്പെടുത്തുന്നതിനായി മികച്ച ആരംഭം കുറിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഗുജറാത്തിൽ വേരുകളുള്ള വ്യവസായ ഭീമൻമാരായ അംബാനിയും അദാനിയും പരസ്പരം ഇതുവരെ മത്സരിച്ചിരുന്നില്ല. എന്നാൽ 5ജി സ്‌പെക്ട്രം ലേലത്തിൽ അദാനി പങ്കെടുത്തതോടെയാണ് വ്യവസായ ഭീമൻമാർ തമ്മിൽ ഭാവിയിൽ മത്സരം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.