
ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ പോരാട്ടത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ നിർഭാഗ്യം കൊണ്ട് പുറത്തായ ടീമാണ് ബ്രസീൽ. എക്‌സ്‌ട്രാ ടൈമിൽ ആദ്യ പകുതിയിൽ നെയ്‌മർ നേടിയ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും ക്രൊയേഷ്യ ഗോൾ മടക്കിയതോടെയാണ് പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്.
ലോകകപ്പ് തോൽവിയിൽ ഏറെ നിരാശരായിരുന്നു നെയ്‌മറും ബ്രസീൽ ആരാധകരും. മത്സരശേഷം ഗ്രൗണ്ടിലിരുന്ന് കരയുന്ന ചിത്രം ലോകമാകെ വലിയ പ്രചാരമാണ് നേടിയത്. തോൽവിയ്‌ക്ക് ശേഷം വിരമിക്കൽ സൂചനകൾ പുറത്തുവന്നെങ്കിലും അതല്ല തൽക്കാലം ടീമിൽ നിന്ന് അൽപം മാറിനിൽക്കാനാണ് നെയ്‌മർ തീരുമാനിച്ചത് എന്നാണ് വിവരം.
ഇപ്പോഴും നെയ്‌മർക്ക് ആശ്വാസവുമായി കേരളത്തിൽ നിന്നടക്കം ലോകമാകെയുളള ആരാധകർ സന്ദേശങ്ങളയക്കുന്നുമുണ്ട്. ഇതിനിടെ കേരളത്തിൽ നിന്നുളള ഒരുചിത്രം തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുകയാണ് നെയ്‌മർ. തന്റെ നമ്പരുളള ജേഴ്‌സിയണിഞ്ഞ ഒരാൾ കുട്ടിയുമായി കൂറ്റൻ കട്ടൗട്ട് നോക്കി നിൽക്കുന്നതാണ് ചിത്രം. ലോകത്തിന്റെ നിരവധിയിടങ്ങളിൽ നിന്നും ഇത്തരത്തിൽ തനിക്കുളള സ്‌നേഹം ലഭിക്കുന്നതായും വളരെ നന്ദി കേരളം എന്നുമാണ് പോസ്‌റ്റിൽ നെയ്‌മർ കുറിച്ചത്.