
തിരുവനന്തപുരം: സർവകലാശാല ചാൻസർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിനെ ചൊല്ലി സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ പോര് തുടരുന്നതിനിടെ, മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ച് പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തിയത് കൗതുകമായി. അതിന് നിമിത്തമായത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും.
സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ചടങ്ങിലായിരുന്നു മാദ്ധ്യമങ്ങൾക്കും സദസിനും കൗതുകം പകർന്ന അപൂർവ നിമിഷം.
ഉദ്ഘാടകനായ ഗഡ്കരി ആദ്യം വിളക്കു കൊളുത്തി. അദ്ദേഹത്തിന് അടുത്ത് നിൽക്കുകയായിരുന്നു ഗവർണറും മുഖ്യമന്ത്രിയും. ഇനി ആര് തിരിതെളിയിക്കണമെന്ന ആശയക്കുഴപ്പമായതോടെ, ഗഡ്കരി രണ്ടുപേരുടെയും കൈകൾ ചേർത്തുപിടിച്ച ശേഷം വിളക്ക് കൊളുത്താൻ നിർദ്ദേശിച്ചു. തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് തിരി തെളിയിച്ചു. ചടങ്ങിന് മുന്നിലും പിന്നിലുമായാണ് ഗവർണറും മുഖ്യമന്ത്രിയും എത്തിയത്.