
മാതാപിതാക്കളോടും മുതിർന്നവരോടുമൊക്കെ കയർത്ത് സംസാരിക്കുന്ന നിരവധി കുട്ടികളുണ്ട്. ചീത്തവാക്കുകൾ പറയുന്ന കുട്ടികളുമുണ്ട്. വീട്ടിൽ നിന്നും സ്‌കൂളിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെ തന്നെയാണ് അവർ ഇത്തരത്തിലുള്ള മോശം വാക്കുകൾ പഠിക്കുന്നത്. പല കുട്ടികൾക്കും അവർ പറയുന്ന വാക്കിന്റെ അർത്ഥം പോലും അറിയില്ലായിരിക്കും.
മക്കൾ ചീത്ത വാക്കുകൾ പറഞ്ഞാൽ ദേഷ്യപ്പെട്ട് അടിക്കുകയല്ല വേണ്ടത്. അങ്ങനെ ചെയ്താൽ അവരിൽ വാശിയുണ്ടാകുകയും, വീണ്ടും ഇത്തരത്തിൽ സംസാരിക്കുന്നത് ആവർത്തിക്കുകയും ചെയ്യും. മക്കളുമായി നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കാനാണ് രക്ഷിതാക്കൾ ആദ്യം ശ്രമിക്കേണ്ടത്.
ചീത്ത വാക്കുകൾ എവിടെനിന്നാണ് പഠിച്ചതെന്ന് സമാധാനപൂർവം മക്കളോട് ചോദിച്ചറിയുക. അതിനുശേഷം അച്ഛനോ അമ്മയോ ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോയെന്ന് ചോദിക്കുക. ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്നും അത് ചീത്ത സ്വഭാവമാണെന്നും പറഞ്ഞുമനസിലാക്കിക്കൊടുക്കുക.
മക്കളുടെ മുന്നിൽ വച്ച് ഇത്തരം വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ മിക്കപ്പോഴും മാതൃകയാക്കുന്നത് രക്ഷിതാക്കളെ തന്നെയായിരിക്കും. അതിനാൽ അവരുടെ മുന്നിൽ നിന്ന് ഒരിക്കലും വഴക്കടിക്കരുത്.