
രാജ്യം കണ്ട ഏറ്രവും വലിയ പൈശാചിക ക്രൂരകൃത്യത്തിന് ഇന്ന് പത്ത് വയസ്. സുഹൃത്തിനൊപ്പം സിനിമകണ്ട് സന്തോഷത്തോടെ താമസസ്ഥലത്തേക്ക് മടങ്ങിയ ആ പെൺകുട്ടി പത്ത് വർഷങ്ങൾക്ക് മുമ്പ് രാജ്യ തലസ്ഥാനത്ത് ഇതേ ദിവസം രാത്രിയിലാണ് ക്രൂരപീഡനത്തിനിരയായത്. ഏഴ് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രതികളെ തൂക്കിലേറ്റിയെങ്കിലും ഇനിയും നമ്മുടെ രാജ്യം മാറിയിട്ടില്ല. രാജ്യം നിർഭയയെന്ന് പേരിട്ട് വിളിച്ച ആ പെൺകുട്ടിക്ക് പിന്നാലെ നിരവധി നിർഭയമാർ ഉണ്ടായി. അവരിൽ പലർക്കും ഇതുവരെ നീതി ലഭിച്ചിട്ടുമില്ല. കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് ഉൾപ്പെടെ ദിവസങ്ങൾക്ക് മുമ്പ് മുംബയിൽ ഓടിക്കൊണ്ടിരിക്കുന്ന ടാക്സിയിൽ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞ് കൊല്ലുകയും ചെയ്തത് വരെ എത്തിനിൽക്കുകയാണ് രാജ്യത്തെ ക്രൂരതകൾ.
2012 ഡിസംബർ 16
സിനിമ കണ്ടശേഷം ഡൽഹി വസന്ത് വിഹാറിലെ താമസസ്ഥലത്തേക്ക് മടങ്ങാൻ രാത്രി ഒമ്പതിന് ബസ് കാത്ത് നിൽക്കുകയായിരുന്നു 23കാരിയായ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി നിർഭയയും സുഹൃത്ത് അവിന്ദ്രപ്രതാപ് പാണ്ഡെയും. പതിവായി സർവീസ് നടത്തുന്ന ബസാണെന്ന് കരുതി ഇരുവരും കയറിയത് നരകത്തിലേയ്ക്കുള്ള ബസിലായിരുന്നു. ഡ്രൈവറുൾപ്പെടെ ബസിലുണ്ടായിരുന്ന ആറുപേർ അവളെ ക്രൂരമായി പിച്ചിച്ചീന്തി. സർവശക്തിയും ഉപയോഗിച്ച് അവൾ എതിർത്തതിനാൽ പ്രതികളുടെ പെരുമാറ്റം പൈശാചികമായി. ഒപ്പമുണ്ടായിരുന്ന അവിന്ദ്രപ്രതാപിനെ ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കും കാലിനും അടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു കൊടുംക്രൂരത. 40 മിനിട്ട് നീണ്ട പൈശാചികതയ്ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെയും സുഹൃത്തിനെയും മഹിപാൽപൂരിലെ ഫ്ലൈ ഓവറിൽ വച്ച് ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞു.
ഗുരുതരാവസ്ഥയിൽ
ദേഹമാസകലം നഖക്ഷതങ്ങളും കടിയേറ്റ പാടുകളും പരിക്കുകളും ഉള്ളതായും സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് കമ്പി കയറ്റിയതിനാൽ അസാധാരണമായ രക്തസ്രാവമുണ്ടെന്നും കണ്ടെത്തി. ക്രൂരമായ പീഡനത്തിൽ പെൺകുട്ടിയുടെ വൻകുടലിനും ഗർഭപാത്രത്തിനും ഗുരുതര പരിക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നാല് പ്രതികളെയും ഡിസംബർ 17ന് പൊലീസ് തിരിച്ചറിഞ്ഞു.
പ്രതിഷേധം
ഡിസംബർ 18ന് ശരീരം നുറുങ്ങി ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടി സഫ്ദർജംഗ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പുറത്ത് രാജ്യം മുഴുവൻ അവളുടെ നീതിക്കായി പ്രതിഷേധിക്കുകയായിരുന്നു. ‘നിർഭയ’ എന്ന് പേരുവിളിച്ച് അവളുടെ ജീവനുവേണ്ടി പ്രാർത്ഥനകളുമായി ജനം തെരുവിലിറങ്ങി. വിഷയം പാർലമെന്റിലെത്തി. അതിനിടെ പ്രതികളെയെല്ലാം പൊലീസ് പിടികൂടി. ഡിസംബർ 19ന് അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടി തന്റെ ജീവൻ രക്ഷിക്കാനാകുമോ എന്ന് ഡോക്ടർമാരോട് എഴുതി ചോദിച്ചു.
രാജ്യം തലകുനിച്ച വാർത്ത
ആരോഗ്യനില വളഷായതിനെ തുടർന്ന് ഡിസംബർ 26ന് എയർ ആംബുലൻസിൽ പെൺകുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. 27ന് അത്യാസന്ന നിലയിൽ. 29ന് ഇന്ത്യൻ സമയം രാത്രി രണ്ടേകാലിന് നിർഭയ മരിച്ചു.
ആറ് പിശാചുക്കൾ

1. രാം സിംഗ് (34)
പ്രധാന പ്രതി. സൗത്ത് ഡൽഹി ആർ കെ പുരം സെക്‌ടർ മൂന്ന് രവി ദാസ് ക്യാംപിൽ താമസം. ക്രിമിനൽ കേസുകളിൽ പ്രതി, സ്വഭാവ വൈകല്യങ്ങൾ കാരണം ‘ഭ്രാന്തൻ’ എന്നാണു സുഹൃത്തുക്കൾക്കിടയിലെ വിളിപ്പേര്. ഭാര്യയുടെ മരണത്തെ തുടർന്നു രാംസിംഗിലെ ക്രൂരത വർദ്ധിച്ചെന്നാണ് സുഹൃത്തുക്കളുടെ മൊഴി.
2. മുകേഷ് സിംഗ് (33)
രാം സിംഗിന്റെ സഹോദരൻ. കുടുംബാംഗങ്ങളിൽ ബന്ധമുള്ളത് രാം സിങ്ങിനോട് മാത്രം. രാം സിംഗ് അവധിയെടുക്കുന്ന ദിവസങ്ങളിൽ ബസ് ഡ്രൈവർ. പെൺകുട്ടിയെയും സുഹൃത്തിനെയും ഉപദ്രവിച്ച സമയത്ത് ബസ് ഓടിച്ചിരുന്നത് മുകേഷാണ്. തെളിവ് നശിപ്പിച്ചതിലും മുഖ്യപങ്ക്. സംഭവത്തിനു ശേഷം ഒളിച്ചോടിയ ഇയാൾ രാജസ്‌ഥാനിൽ നിന്നാണ് പിടിയിലായത്.
3. പവൻ ഗുപ്‌ത (26) കാലു
മാതാപിതാക്കൾ പഴം വിൽപനക്കാർ. അവർക്കൊപ്പം ആർകെപുരം സെക്‌ടർ മൂന്നിലാണ് താമസം. സെക്‌ടർ ഒന്നിൽ സ്വന്തമായി ജ്യൂസ് കട നടത്തുകയായിരുന്നു. നേരത്തേ രാം സിംഗിനൊപ്പം ബസിൽ ക്ലീനറായി ജോലിചെയ്‌തിരുന്നു. ഒൻപതാം ക്ലാസിൽ പഠനം നിർത്തി.
4. വിനയ് ശർമ (27)
പ്രതികളിലെ ഏക വിദ്യാസമ്പന്നൻ. സിരിഫോർട്ടിലെ ജിംനേഷ്യത്തിൽ ഇൻസ്‌ട്രക്‌ടറായി ജോലിചെയ്യുന്നതിനൊപ്പം ഇഗ്നോയിൽ നിന്ന് ഓപ്പൺ സ്‌കീമിൽ ബികോം പഠിക്കുകയായിരുന്നു. രവിദാസ് ക്യാംപിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹരി റാമിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ക്ലീനിംഗ് വിഭാഗത്തിൽ ജോലി.
5. അക്ഷയ് ഠാക്കൂർ (35)
ബിഹാർ ഔറംഗാബാദ് സ്വദേശി. രാം സിംഗിന്റെ ബസിൽ ക്ലീനർ കം കണ്ടക്‌ടർ. സംഭവത്തിന് ശേഷം മുങ്ങിയ അക്ഷയ് ജന്മനാടായ ഔറംഗാബാദിൽ നിന്നാണ് പിടിയിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇയാൾ. തന്റെ ഭർത്താവ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ വെടിവച്ച് കൊല്ലണമെന്ന് ഭാര്യ പുനിത ദേവി പ്രതികരിച്ചിരുന്നു.
6. പ്രായപൂർത്തിയാകാത്തയാൾ
ഉത്തർപ്രദേശിലെ ബദൗനിലെ ഉൾനാടൻ ഗ്രാമത്തിൽ ജനനം. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പതിനൊന്നാം വയസിൽ വീടുവിട്ട് ഡൽഹിയിലെത്തി. പിന്നീട് വീട്ടുകാരുമായി ബന്ധമില്ല. ആനന്ദ് വിഹാർ സംസ്ഥാനാന്തര ബസ് ടെർമിനലിൽ (ഐഎസ്‌ബിടി) ബസിലേക്ക് ആളെ വിളിച്ചുകയറ്റലായിരുന്നു ജോലി. പിന്നീട് രാം സിംഗിന്റെ ബസിൽ ക്ലീനർ. മുനീർക്കയിൽ വച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും ബസിലേക്ക് വിളിച്ചുകയറ്റിയത് ഇയാൾ. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രായം പതിനേഴ് വയസും ആറുമാസവും.
2013
ജനുവരി 17ന് അതിവേഗ കോടതി നടപടികൾക്ക് തുടക്കം. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിലേയ്ക്ക് മാറ്റി. അഞ്ച് പ്രതികൾക്കെതിരെ കൊലക്കുറ്റം, കൂട്ടബലാത്സംഗം, കൊലപ്പെടുത്താൻ ശ്രമിക്കുക, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുക, കവർച്ച നടത്തുക എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് സാകേത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മാർച്ച് പതിനൊന്നിന് മുഖ്യപ്രതി രാംസിംഗ് തീഹാർ ജയിലിൽ തൂങ്ങി മരിച്ചു.
ഓഗസ്റ്റ് 31
കൂട്ടമാനഭംഗം നടത്തിയ 6 പേരിൽ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്ന പ്രായപൂർത്തിയാകാത്തയാൾ കുറ്റക്കാരനാണെന്ന് ജൂവനൈൽ ജസ്റ്റിസ് ബോർഡ് 2013 ഓഗസ്റ്റ് 31ന് വിധിച്ചു. പ്രത്യേക തിരുത്തൽ കേന്ദ്രത്തിൽ ശിക്ഷ പൂർത്തിയാക്കിയ ഇയാളെ 2015 ഡിസംബറിൽ ഒരു എൻജിഒയുടെ കീഴിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഇപ്പോൾ ഇയാൾ എവിടെയെന്നത് തികച്ചും രഹസ്യം. ഹീനകൃത്യം ചെയ്ത വ്യക്തി പ്രായത്തിന്റെ പേരിൽ നിയമത്തിന്റെ പിടിയിൽ നിന്നു വഴുതിമാറിയത് വിവാദമായി.
പ്രായപൂർത്തിയാകാത്തയാൾ എന്നർഥം വരുന്ന ‘ജുവനൈൽ’ എന്ന പദത്തിന്റെ നിർവചനത്തിൽ മാറ്റങ്ങൾ വേണമെന്ന ചർച്ച ഉയർന്നു. കൊടുംകുറ്റകൃത്യങ്ങൾ പരിഗണിക്കുമ്പോൾ 18 എന്ന പ്രായപരിധി 16 ആയി കുറയ്ക്കണമെന്നും കുറ്റകൃത്യങ്ങളുടെ തീവ്രത വിലയിരുത്തി പ്രായപരിധി നിർണയിക്കണമെന്നുമായിരുന്നു ആവശ്യം. 16 മുതൽ18 വയസ് വരെ പ്രായമുള്ളവർ ഹീനമായ കുറ്റം ചെയ്താൽ പ്രായപൂർത്തിയായവരെന്ന നിലയിൽ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ജുവനൈൽ ജസ്റ്റിസ് നിയമം 2015 ഡിസംബറിൽ പാർലമെന്റ് പാസാക്കി. ജുവനൈൽ എന്ന വാക്കിനു പകരം ചൈൽഡ് (കുട്ടി) അല്ലെങ്കിൽ ‘നിയമവിരുദ്ധപ്രവർത്തനം നടത്തിയ കുട്ടി’ എന്ന് ഭേദഗതി വരുത്തി.
വധശിക്ഷ
നാല് പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതിയുടെ വിധി. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു. 2017 മേയ് അഞ്ചിന് വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു. 2019 ഡിസംബർ 18ന് പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി.
വിവാദങ്ങൾ
പ്രതികളെ പ്രത്യേകം തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. അതിനിടെ, ശിക്ഷ വൈകുന്നതിന് പിന്നിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തിയത് വിവാദമായി. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ചു രക്ഷപ്പെടാൻ പ്രതികൾ ശ്രമിക്കുകയാണെന്നും പീഡനക്കേസ് പ്രതികൾക്ക് ആറ് മാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കാൻ നിയമ ഭേദഗതി വേണമെന്നും കേജ്‌രിവാൾ പ്രതികരിച്ചു. ശിക്ഷ വൈകുന്നതിന് പിന്നിൽ ഡൽഹി സർക്കാരാണെന്ന ആക്ഷേപവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു.
പഴുതുകൾ
പ്രതികളെ തൂക്കിലേറ്റാൻ ജനുവരി 22, ഫെബ്രുവരി ഒന്ന്, മാർച്ച് മൂന്ന് തീയതികളിൽ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും വിവിധ ഹർജികൾ പരിഗണിക്കുന്നതിനാൽ റദ്ദാക്കേണ്ടിവന്നു. വധശിക്ഷയിൽനിന്നു രക്ഷപ്പെടാൻ രാജ്യാന്തര നീതിന്യായ കോടതിയെ വരെ പ്രതികൾ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. അഭിഭാഷകർ തെറ്റിദ്ധരിപ്പിച്ചു, കേന്ദ്ര–സംസ്ഥാന സർക്കാരുകളും അമിക്കസ് ക്യൂറിയും ഗൂഢാലോചന നടത്തി, നിർഭയ കൊല്ലപ്പെടുമ്പോൾ പ്രതി പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല, സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകാത്ത വിധം വിനയ് ശർമയ്ക്ക് സ്കിസോഫ്രീനിയ പിടിപെട്ടു തുടങ്ങി പല വഴികളും വിവിധ കോടതികളിൽ പ്രതികൾ പയറ്റിയെങ്കിലും ഒന്നും ഫലിച്ചില്ല.
തിരുത്തൽ ഹർജികളും പുനഃപരിശോധനാ ഹർജികളുമെല്ലാം സുപ്രീംകോടതിയും തള്ളി. അവസാനത്തെ പ്രതിയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളിയതോടെ മാർച്ച് അഞ്ചിന് അന്തിമ മരണ വാറന്റ്– വധശിക്ഷ മാർച്ച് 20ന് നടപ്പാക്കണം. ദയാഹർജി തള്ളി 14 ദിവസത്തിന് ശേഷമാകണം വധശിക്ഷയെന്ന ചട്ടപ്രകാരമായിരുന്നു ഈ തീയതി. മാർച്ച് 20ന് പുലർച്ചെ വരെ രക്ഷ തേടി പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം.

നിയമപോരാട്ടത്തിന് അന്ത്യം
ഏഴ് വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ രാജ്യം കണ്ട ഏറ്റവും ക്രൂരകൃത്യത്തിലെ നാല് പ്രതികളെയും തൂക്കിക്കൊന്നു.