
അടുത്ത നിമിഷം എങ്ങോട്ട് തിരിയുമെന്ന് അറിയാത്ത ഓട്ടോറിക്ഷകൾ നഗര ഹൃദയത്തിലൂടെ വാഹനം ഓടിക്കുന്നവർക്ക് ഉണ്ടാക്കുന്ന കഷ്ടപ്പാടുകൾ ചില്ലറയല്ല. അന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ഓട്ടോ തൊഴിലാളികളുടെ ഒരു കണ്ണ് എപ്പോഴും തങ്ങൾക്ക് ഓട്ടം നൽകാൻ ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണത്തിലുമാണ്. എന്നാൽ ആഡംബരക്കാറുകളിൽ സഞ്ചരിക്കുന്നവർ സ്വൽപ്പം പുച്ഛത്തോടെ കാണുന്ന ഓട്ടോറിക്ഷകളും ആപത്ത് കാലത്ത് സഹായിക്കും എന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നത്.
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ വൈറലായിരിക്കുകയാണ്. പൂനെയിലെ കൊറേഗാവ് പാർക്കിലാണ് പ്രവർത്തന രഹിതമായ ആഡംബര സെഡാനെ ഓട്ടോറിക്ഷ തൊഴിലാളി തള്ളുന്നത്. ഓട്ടോഡ്രൈവർ തന്റെ ഇടതുകാലുകൾ മെഴ്സിഡസ് ബെൻസിന്റെ ബമ്പറിൽ വച്ചാണ് തള്ളുന്നത്. ഹസാർഡ് ലാമ്പുകൾ ഓണാക്കി പ്രകാശിപ്പിക്കുന്നതും കാണാനാവും.