
ന്യൂഡൽഹി: ദേശീയപാത വികസനത്തിൽ കേരളത്തിലെ ജനങ്ങളെ സർക്കാരും സി പി എമ്മും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാത സ്ഥലമേറ്റെടുപ്പിന് കേരളം മാത്രമാണ് ഇരുപത്തിയഞ്ച് ശതമാനം പണം നൽകുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലക്സുകളിലൂടെയും ചർച്ചകളിലൂടെയും സി പി എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, സ്ഥലമേറ്റെടുപ്പിന് മറ്റ് സംസ്ഥാനങ്ങൾ അൻപത് ശതമാനം പണം നൽകുമ്പോൾ കേരളം ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് നൽകുന്നതെന്നും മുരളീധരൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചെന്നൈ തൊട്ട് മധുര വരെ നാല് വരി എലിവേറ്റഡ് ഹൈവേയ്ക്ക് ഭൂമി ഏറ്റെടുക്കലിനും മറ്റുമായുള്ള 470 കോടി ചെലവിൽ പകുതിയും തമിഴ്നാട് സർക്കാർ വഹിക്കുന്നുണ്ട്. പഞ്ചാബിൽ ലെഡോവിൽ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പകുതി ചെലവും സംസ്ഥാന സർക്കാരാണ് വഹിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതായിരിക്കും. കേരളം കൂടി സഹകരണ ഫെഡറലിസം നടപ്പാക്കുന്നതിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.