coroporation

തിരുവനന്തപുരം: കത്ത് വിവാദത്തിൽ നഗരസഭ കൗൺസിൽ ഹാളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബി ജെ പി വനിതാ കൗൺസിലർമാർ മേയറുടെ വഴി തടഞ്ഞു.

നിലത്ത് കിടന്ന് പ്രതിഷേധിച്ച പ്രതിപക്ഷ കൗൺസിലർമാരെ മറികടന്നാണ് ആര്യ രാജേന്ദ്രൻ ഡയസിലെത്തിയത്. പൊലീസും എൽ ഡി എഫ് വനിതാ കൗൺസിലർമാരും ഡയസിലെത്താൻ മേയറെ സഹായിച്ചു. പൊലീസും ബി ജെ പി കൗൺസിലർമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പ്രതിപക്ഷ ബഹളത്തിനിടെ കൗൺസിൽ യോഗം തടസപ്പെട്ടു. തുടർന്ന് സി പി എം - ബി ജെ പി അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. പ്രതിഷേധിച്ച ബി ജെ പിയുടെ ഒൻപത് വനിതാ കൗൺസിലർമാരെ മേയർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇവരെ കൗൺസിൽ ഹാളിൽ നിന്ന് പുറത്താക്കണമെന്ന് എൽ ഡി എഫ് കൗൺസിലർമാർ മൈക്കിലൂടെ ആവശ്യപ്പെട്ടു. സസ്‌പെൻഡ് ചെയ്തവരെ ബലപ്രയോഗത്തിലൂടെ നീക്കാനാണ് പൊലീസിന്റെ ശ്രമം.