modi-sleep

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ് ഉറക്കം. ഇന്നത്തെ ജീവിത ശൈലിയുടെ ഫലമായി ഏറ്റവും കൂടുതൽ പേരെ അലട്ടുന്ന പ്രശ്‌നവും ഉറക്കമില്ലായ്‌മ തന്നെ. അടുത്തിടെ നടന്ന വേൾഡ് ആയുർവേദ കോൺഗ്രസിൽ ഉറക്കമില്ലായ്‌‌ക്ക് ഏറ്റവും നല്ല പ്രതിവിധി ആയുർവേദത്തിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള ജനങ്ങളെ ഗ്രഹിച്ചിരിക്കുന്ന വിപത്തായി ഉറക്കമില്ലായ്‌മ മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത് മറികടക്കാനുള്ള മാർഗം ആയുർവേദത്തിലുണ്ടെന്നും മോദി വിശദീകരിച്ചു.

സുഖമായ ഉറക്കത്തെ നിദ്ര എന്നാണ് ആയുർവേദം പ്രതിപാദിക്കുന്നത്. ശരീരത്തിനും മനസിനും തലച്ചോറിലൂടെ കിട്ടുന്ന ഒരു വിശ്രമം ആണ് ഉറക്കം. ശരീരത്തിന് വിശ്രമം കിട്ടാൻ തലച്ചോറ് ചെയ്യുന്ന ഈ പ്രക്രിയ ശരീരത്തിനും മനസിനും അത്യന്താപേക്ഷിതമായ ഒന്നാണ്. മനുഷ്യരെ പോലെ, എല്ലാ ജീവികളും ഉറങ്ങുന്നു. ഉറക്കം ഇല്ലെങ്കിൽ ഒരു ജീവനും നിലനിൽപ്പില്ല. അതുകൊണ്ട് തന്നെ ജീവികളുടെ അസ്ർതിത്വത്തിന്റെ ഭാഗമാണ് ഉറക്കം. നിദ്രാസമയത്ത് ശരീര പേശികൾ എല്ലാം അയയുന്നു. എന്നാൽ തലച്ചോർ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന ഒരു സമയം കൂടിയാണത്.

നല്ല ഉറക്കം ലഭിക്കുന്നതിന് ആയുർവേദം ചില വിദ്യകൾ ഉപദേശിക്കുന്നുണ്ട്.

1. ദിനചര്യ

നല്ല ദിനചര്യ ആചരിക്കുന്നവർക്കും ശീലിക്കുന്നവർക്കും മാത്രമേ നല്ല ഉറക്കം ലഭിക്കുകയുള്ളൂവെന്ന് ആയുർവേദം പറയുന്നു. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ജീവിതശൈലി ഉണ്ടാക്കിയെടുക്കുക.

2. ദഹനം

ദഹനവും ഉറക്കവും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന രണ്ട് ഘടകങ്ങളാണ്. അത്താഴം എത്രത്തോളം ലഘുവാക്കുന്നുവോ അത്രയും നന്നായി ഉറങ്ങാൻ നമുക്ക് സാധിക്കും.

3. പാൽ ഗുണം ചെയ്യും

നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രിയിൽ കഴിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ആയുർവേദത്തിൽ പ്രതിപാദിക്കുന്നുണ്ട്. ചൂട് പാല് കിടക്കുന്നതിന് മുമ്പ് കുടിക്കുന്നത് മികച്ച ഉറക്കം നൽകുന്നു. അതുപോലെ സുഗന്ധമുള്ള എന്തെങ്കിലും ശ്വസിക്കുന്നതും വേഗം ഉറക്കം ലഭിക്കാൻ നല്ലതാണെന്ന് ആയുർവേദം പറയുന്നു. മാത്രമല്ല ഓയിൽ മസാജ് ചെയ്യുന്നത് നല്ല നിദ്രക്ക് മാത്രമല്ല വാതരോഗത്തെ തടയുമെന്ന് ഫലം.