
ന്യൂഡൽഹി : ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയെ നേരിടാൻ ധൈര്യമില്ലാത്തവർക്ക് പാർട്ടി വിട്ടുപോകാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര നൂറുദിനം പിന്നിട്ടതിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ജനലക്ഷങ്ങളുടെ മനസിൽ നിലനിൽക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്റേത്. തനിക്കെതിരെയും കോൺഗ്രസ് പാർട്ടിക്കെതിരെയും ആസൂത്രിതമായ അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു. ഫാസിസത്തിനെതിരെ ഉറച്ച് നിൽക്കുന്ന പ്രത്യയശാസ്ത്രമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിൽ ഒരു പ്രശ്നവും നിലവിലില്ല. അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പ്രകടിപ്പിക്കാനുള്ള ഇടം പാർട്ടിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നാണ് നിലപാട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം പാർട്ടി അദ്ധ്യക്ഷൻ എടുക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ചൈനയുടെ ഭീഷണിയിൽ സർക്കാർ ഉറക്കം നടിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ചൈനയുടെ ഭീഷണി എനിക്ക് കാണാം. കേന്ദ്രസർക്കാർ ഉറങ്ങുകയാണ്. എന്നാൽ ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. സർക്കാർ അത് മറച്ചുവയ്ക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ഹിന്ദി മേഖലകളിൽ ഉൾപ്പെടെ ഭാരത് ജോഡോ യാത്ര വിജയമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.