
പാട്ന: സംസ്ഥാനത്തെ വിഷമദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കില്ലെന്ന് ബീഹാർ
മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ ദിവസം സരൺ ജില്ലയിലുണ്ടായ മദ്യ ദുരന്തത്തിൽ മരണസംഖ്യ 53-ായി ഉയർന്നതിന് പിന്നാലെ നിയമസഭയിൽ സംസാരിക്കവേ ആയിരുന്നു അദ്ദേഹം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
മദ്യപിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ല. മദ്യപിക്കരുതെന്ന് ദീർഘകാലമായി തന്നെ മുന്നറിയിപ്പ് നൽകി വരുന്നതാണ്. അത് അവഗണിച്ചാൽ മരണപ്പെടുമെന്ന് അദ്ദേഹം നിയമസഭയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
വിഷമദ്യ ദുരന്തത്തിന് പിന്നാലെ മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് മാദ്ധ്യമങ്ങളോട് നിതീഷ് കുമാർ പ്രതികരണം നടത്തിയത് വിവാദമായിരുന്നു.
സരൺ ജില്ലയിലെ ഛപ്രയിലെ വിവിധ ഷാപ്പുകളിൽ നിന്നും മദ്യം കഴിച്ചവരാണ് സംഭവദിവസം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്തത്. നാല് മാസം മുൻപ് ഇവിടെയുണ്ടായ വിഷ മദ്യ ദുരന്തത്തിൽ 12 പേർ മരിച്ചിരുന്നു. മദ്യ നിരോധനം നിലവിലുള്ള ബീഹാറിലെ വിഷമദ്യ ദുരന്തം ആവർത്തിക്കുന്നതിന് പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. സംസ്ഥാനത്ത് നടപ്പാക്കിയ മദ്യ നിരോധനം പരാജയമായിരുന്നെന്നും പൊലീസിന്റെയും കള്ളക്കടത്തുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്നും മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ തർകിഷോർ പ്രസാദ് ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം നിലനിൽക്കവേയാണ് നിതീഷ് കുമാർ തന്റെ നിലപാട് നിയമസഭയിലും ആവർത്തിച്ചത്.